ചര്‍മത്തെ ഉണര്‍വുള്ളതാക്കാന്‍ ഫേഷ്യല്‍ നല്ലതാണെന്ന് എല്ലാവര്‍ക്കുമറിയാം. അന്തരീക്ഷ മലിനീകരണവും ദീര്‍ഘനേരം ഓണ്‍ലൈനില്‍ ചെലവഴിക്കേണ്ടി വരുന്നതും ദിവസം മുഴുവനുമുള്ള മാസ്കിന്റെ ഉപയോഗവും ചര്‍മത്തെ വല്ലാതെ ക്ഷീണിപ്പിക്കാറുണ്ട്. വീട്ടില്‍ത്തന്നെ ചെയ്യാവുന്ന ഫേഷ്യലിലൂടെ ചര്‍മത്തെ പുനരുജ്ജീവിപ്പിക്കാം. ബ്യൂട്ടി പാര്‍ലറുകളില്‍ പോയി പലപ്പോഴും ഫ്രൂട്ട് ഫേഷ്യലുകള്‍ തെരഞ്ഞെടുക്കുന്നവരുണ്ട്. ഫ്രൂട്ട് ഫേഷ്യല്‍ ചര്‍മത്തിന്റെ സ്വാഭാവികതയെ കാത്തു കൊള്ളുമെന്ന വിശ്വാസമാണ് ഇതിന് പുറകില്‍. എന്നാല്‍ പണം ചെലവാക്കി ഇത്തരം ഫേഷ്യലുകള്‍ ബ്യൂട്ടി പാര്‍ലറുകളില്‍ പോയി ചെയ്യണമെന്നില്ല. പഴങ്ങള്‍ വാങ്ങി വീട്ടില്‍ വച്ചു തന്നെ ഇത്തരം ഫേഷ്യലുകള്‍ ചെയ്യാം. ഇത് എങ്ങനെയെന്നു നോക്കൂ.

മുഖക്കുരുവും മുഖത്തെ പാടുകളും കലകളും മാററാനും സൂര്യാഘാതം മൂലമുളള കറുപ്പകറ്റാനും ഫ്രൂട്ട് ഫേഷ്യല്‍ ഏറെ നല്ലതാണ്. ചര്‍മത്തെ മൃദുവാക്കുമെന്ന ഗുണം കൂടി ഈ ഫേഷ്യലിനുണ്ട്. പഴവര്‍ഗങ്ങള്‍ ഉപയോഗിച്ചുള്ള ഈ ഫേഷ്യല്‍ വീട്ടിലും ചെയ്യാം. ഇതിനായി പാക്കുകള്‍ വീട്ടില്‍ത്തന്നെ തയ്യാറാക്കാം.

സ്‌ട്രോബറി ഫേഷ്യല്‍

സ്‌ട്രോബറി ഉടച്ചതും രണ്ടു സ്പൂണ്‍ തൈരും ഒരു സ്പൂണ്‍ കോണ്‍ സ്റ്റാര്‍ച്ചും ഉപയോഗിച്ചാണ് ഈ ഫേഷ്യല്‍ ചെയ്യുന്നത്. ഇതെല്ലാം കൂട്ടിക്കലര്‍ത്തി മുഖത്തു തേച്ച്‌ 20 മിനിറ്റിനു ശേഷം കഴുകിക്കളയണം. അതിനുശേഷം ഐസ് വെള്ളം കൊണ്ട് മുഖം മസാജ് ചെയ്യണം. സ്‌ട്രോബറിയുള്ള സാലിസൈക്ലിക് ആസിഡ് മുഖം ബ്ലീച്ച്‌ ചെയ്യും. മുഖത്തെ ചുളിവുകള്‍ നീക്കാന്‍ പറ്റിയ ഫേഷ്യലാണിത്.

ബനാന ഫേഷ്യല്‍

നല്ലവണ്ണം പഴുത്ത പഴവും ഒരു സ്പൂണ്‍ തേനും രണ്ടുമൂന്നു സ്പൂണ്‍ പാല്‍പ്പാടയും ഉപയോഗിച്ചാണ് ഈ ഫേഷ്യലിനുളള പാക്ക് തയ്യാറാക്കുന്നത്. എണ്ണമയമുള്ള ചര്‍മമുളളവര്‍ക്ക് പാല്‍പ്പാടയ്ക്കു പകരം നാരങ്ങാനീര് ഉപയോഗിക്കാം. ഇവ മൂന്നും നല്ലപോലെ കൂട്ടിക്കലര്‍ത്തിയ ശേഷം മുഖത്തിടാം.

പീച്ച്‌ ഫേഷ്യല്‍

നല്ലവണ്ണം വിളഞ്ഞ പീച്ചിന്റെ തൊലി കളഞ്ഞ് അത് പൊടിച്ചെടുക്കുക. ഇതിന്റെ കൂടെ മുട്ടവെള്ളയും ഓട്‌സ് പൊടിച്ചതും കൂട്ടിച്ചേര്‍ക്കുക. ഇത് മുഖത്തു തേച്ച്‌ ഉണങ്ങിക്കഴിയുമ്ബോള്‍ കഴുകിക്കളയുക.

അവോകാഡോ ഹണി ഫേഷ്യല്‍

ഒരു സ്പൂണ്‍ തേനും ഒരു മുട്ടമഞ്ഞയും ഒരു കപ്പ് ഉടച്ച അവോകാഡോയും കൂട്ടിച്ചര്‍ക്കുക. ഇത് മുഖത്തു തേച്ച്‌ 20 മിനിട്ടിനു ശേഷം തണുത്ത വെള്ളമുപയോഗിച്ച്‌ കഴുകിക്കളയാം. വേനല്‍കാലത്തു ചെയ്യാന്‍ പറ്റിയ ഫേഷ്യലാണിത്

LEAVE A REPLY

Please enter your comment!
Please enter your name here