അടുക്കളത്തോട്ടത്തില്‍ മല്ലിയെ കൂടെ കൂട്ടാം

0
3

അടുക്കളയിലേക്കുവേണ്ടതൊക്കെയും അല്‍പമൊരു മനസുണ്ടെങ്കില്‍ നമ്മുക്ക് തന്നെ കാശുചെലവില്ലാതെ ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളൂ. വെറുതെ കിടക്കുന്ന പാഴ്‌വസ്തുക്കളില്‍ അല്‍പം മണ്ണുനിറയ്ക്കാനൊരിടംമുണ്ടോയെന്ന് നോക്കിയാല്‍ മതി. ഒരു ചെടിക്കുള്ള സ്ഥലം അതില്‍ ഒരുക്കാനായാല്‍ നിങ്ങള്‍ക്കുമാകാം ഒരു അടുക്കളത്തോട്ടത്തിനുടമ.

ഇത്തരത്തില്‍ വളരെ അധ്വാനം കൂടാതെ വിളവെടുക്കാവുന്ന ഒന്നാണ് മല്ലിയിലക്കൃഷി. വീട്ടില്‍ വാങ്ങുന്ന മല്ലിയില്‍ നിന്ന് നല്ലതുനോക്കിയെടുത്ത് വിതച്ചാല്‍ മതിയാകും. അല്‍പം കൂടി മെച്ചം വേണമെന്നുണ്ടെങ്കില്‍ കടകളില്‍ നിന്നുള്ള വിത്ത് ഉപയോഗിക്കണം. കാരണം പലവ്യജ്ഞനങ്ങളുടെ കൂട്ടത്തില്‍ നാം വാങ്ങുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ ഗ്രാരണ്ടി വിത്ത് കടകളില്‍ നിന്നും ലഭിക്കുന്നവയ്ക്കുണ്ട്. എങ്കിലും ശരാശരി കൃഷിക്കാരന്റെ മനസ് മടുപ്പിക്കാത്തവിധം മുളച്ചുവരാന്‍ അടുക്കളമല്ലിക്കും കഴിയുമെന്നതിനാല്‍ ആശങ്കയൊന്നും വേണ്ടതില്ല.

പാഴായി കിടക്കുന്ന പ്ലാസ്റ്റിക് കൂടകളോ, ചട്ടികളോ ഗ്രോബാഗോ എന്തുമാകട്ടെ, നാല് ഇഞ്ച് ആഴമെങ്കിലും ഉണ്ടാകണം നടാന്‍ തെരഞ്ഞെടുക്കുന്ന വസ്തുവിന്. കല്ലും കട്ടയും നീക്കിയ മണല്‍, മണ്ണ്, ജൈവവളം എന്നിവ കലര്‍ത്തി നിറയ്ക്കുക. പാകിക്കഴിഞ്ഞാല്‍ ചെറിയ വിധത്തിലുള്ള ഈര്‍പ്പം മാത്രം മതിയാകും മല്ലിക്കൃഷിക്ക്. നട്ട് ഒരാഴ്ച കഴിയുമ്പോള്‍ മല്ലി കിളിര്‍ത്തു തുടങ്ങും.

വെള്ളം അധികമാകാതിരിക്കാന്‍ അല്‍പം ചകിരി കൊണ്ട് മേല്‍ഭാഗം മൂടുന്നത് നല്ലതാണ്. ഇളം വെയില്‍ ലഭിക്കുന്നിടത്തുവേണം ഗ്രോബാഗ് ക്രമീകരിക്കാന്‍. മുളച്ച് രണ്ടിഞ്ചു ഉയരം വച്ചാല്‍ നേര്‍പ്പിച്ച ചാണകമോ, മീന്‍ കഴുകിയ വെള്ളമോ ചെറുതായി തളിച്ചുകൊടുക്കാം. കട്ടികൂടുതലുള്ള മിശ്രിതങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ചെടി വളര്‍ന്നുവരുന്നതിനനുസരിച്ച് ഇല പറിച്ചെടുത്ത് ഉപയോഗിക്കാം. നമ്മുടെ കാലാവസ്ഥയില്‍ വര്‍ഷം മുഴുവന്‍ വളരുന്നതിനാല്‍ മല്ലിയിലക്കൃഷി പരീക്ഷിക്കാവുന്നതാണ്. സ്വന്തമായി വിളയിച്ചെടുത്തവ തീന്‍മേശയിലെത്തുന്നതോടെ നിങ്ങളിലെ കൃഷിക്കാരന്‍ ഉണരുക തന്നെ ചെയ്യും. സംശയമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here