ബ്രാഹ്മണ കവിയെ തേടി യോഗക്ഷേമസഭ; വിമര്‍ശിച്ച് ആസാദ്

0

ബ്രാഹ്മണ കവികളെ പ്രോത്സാഹിപ്പിക്കാന്‍ യോഗക്ഷേമസഭ എന്‍.എന്‍. കക്കാട് സ്മാരക അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചത് വിവാദമാകുന്നു. സാംസ്‌കാരിക നായകരുടെ മൗനത്തിനിടയിലും ഇക്കാര്യത്തില്‍ വിമര്‍ശനമുന്നയിച്ച് രാഷ്ട്രീയ നിരീക്ഷകനായ ഡോ. ആസാദ് മാത്രമാണ് രംഗത്തെത്തിയത്. എന്‍.എന്‍. കക്കാടിനെ ബ്രാഹ്മണ കവിയാക്കുന്നതായും നാളെ ഇ.എം.എസ് പുരസ്‌കാരവും വി.ടി. പുരസ്‌കാരവും. ലളിതാംബിക പുരസ്‌കാരവും ഇത്തരത്തിലുണ്ടായാല്‍ കേരളം പ്രതികരിക്കുമെന്നും അദ്ദേഹം പ്രത്യാശിക്കുന്നു. ഇടതുപക്ഷം തരിയായിട്ടെങ്കിലും മിച്ചമുള്ള നാട്ടിലെ നേതാക്കളോ സാംസ്‌കാരിക വകുപ്പോ കണ്ടമട്ട് പ്രകടിപ്പിക്കാത്ത നാട്ടില്‍ അത്തരം പ്രതീക്ഷകള്‍ക്കിനി സ്ഥാനമുണ്ടോ എന്നത് കണ്ടറിയണം.

എന്‍ എന്‍ കക്കാട് ബ്രാഹ്മണാള്‍ കവിയാകുന്നു! യോഗക്ഷേമസഭ അദ്ദേഹത്തിന്റെ പേരില്‍ സമുദായാംഗങ്ങള്‍ക്കു പുരസ്‌കാരം ഏര്‍പ്പെടുത്തി. പ്രായഭേദമില്ല. ആര്‍ക്കും അപേക്ഷിക്കാം.
പാതാളത്തിന്റെ മുഴക്കവും വജ്രകുണ്ഢലവും ആയിരത്തി തൊള്ളായിരത്തി അറുപത്തിമൂന്നും സഫലമീയാത്രയും എഴുതിയ കക്കാട്! പാരമ്പര്യത്തിന്റെ സമസ്ത ഊര്‍ജ്ജവും വര്‍ത്തമാനത്തെ പൊളിച്ചു പണിയാന്‍ എങ്ങനെ ഉപയോഗിക്കാമെന്ന് കാവ്യ ലാവണ്യ ധാരകളില്‍ വിസ്മയം തീര്‍ത്ത കവി. അങ്ങനെയൊരു കവിയെ ബ്രാഹ്മണ കവിയാക്കുന്ന കലയും കാലവും കൊള്ളാം.
വേരുകള്‍ എന്ന ഒരൊറ്റ കവിത മതിയാവും എിടെയാണ് കക്കാടു മുളച്ചതെന്നും തെഴുത്തതെന്നും അറിയാന്‍. ജീവിതത്തിന്റെയും ഭാഷയുടെയും സംസ്‌കാരത്തിന്റെയും രണ്ടറ്റങ്ങളെ നഗരത്തിലെ വിദ്യുത്ക്കമ്പികളായി, വരുംകാല നിലകളുടെ ഊടും പാവുമായി വിപരീതശോഭയില്‍ ഉജ്വലിപ്പിച്ച രചനാവൈഭവമാണത്. അതിനെ പൂണൂലണിയിക്കുന്ന അശ്ലീലം കാണാന്‍ വയ്യ. കക്കാടിനെ കക്കാടില്‍നിന്ന് ഒഴിപ്പിക്കുന്ന കുടില മാന്ത്രികതയാണിത്.
എന്‍ എന്‍ കക്കാടിനെ മതേതര മലയാളത്തിനു വേണം. യോഗക്ഷേമമേ, പാകത്തിലുണ്ടാവാം വേറെ പൂണൂല്‍ക്കവികള്‍. അവരുടെ പേരിലാവാം സമുദായ പുരസ്‌കാരങ്ങള്‍. കക്കാടിനെ വെറുതെ വിടൂ. ഇനിവരാം ഇ എം എസ് പുരസ്‌കാരവും വി ടി പുരസ്‌കാരവും. ലളിതാംബിക പുരസ്‌കാരവും. പക്ഷെ, അതിനുവേണം മലയാളിയുടെ സമ്മതം. അതോര്‍മ്മയുണ്ടാവണം.

LEAVE A REPLY

Please enter your comment!
Please enter your name here