എം.എല്‍.എ്‌യ്‌ക്കെതിരെ പ്രതിഷേധിച്ചതിനു സി.പി.എമ്മുകാര്‍ മര്‍ദ്ദിച്ച് ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ മരിച്ചു, ആരോപണ നിഴലില്‍ സി.പി.എമ്മും സാമാജികനും

കൊച്ചി: സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ മരിച്ചു. കാവുങ്ങപ്പറമ്പ് പാറപ്പുറം കോളനിയില്‍ ചായാട്ടുഞാലില്‍ സി.കെ.ദീപു (38)വിന്റെ മരണത്തില്‍ സ്ഥലം എം.എല്‍.എ ശ്രീനിജനടക്കം പങ്കുണ്ടെന്നാരോപിച്ച് ട്വന്റി ട്വന്റി രംഗത്ത്. ദീപുവിനു മര്‍ദനം ഏല്‍ക്കുമ്പോള്‍ ശ്രീനിജിന്‍ എംഎല്‍എ തൊട്ടടുത്തുള്ള സിപിഎം പ്രവര്‍ത്തകന്‍ സുകുവിന്റെ വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് വാര്‍ഡ് മെമ്പര്‍ നിഷ ആലിയാര്‍ ആരോപിച്ചു.

മര്‍ദനമല്ലെങ്കില്‍ പിന്നെ എന്തു കാരണത്താലാണ് മരണമുണ്ടായത് എന്നു പറയണം. തലയ്ക്ക് അടിയേറ്റതിനാണ് ദീപുവിനു ശസ്ത്രക്രിയ വേണ്ടി വന്നത്. ദീപുവിന്റെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് നിഷ ആവശ്യപ്പെട്ടു. എംഎല്‍എയുടെ കിരാത നടപടികള്‍ക്കെതിരെയാണ് ട്വന്റി ട്വന്റി പ്രവര്‍ത്തകര്‍ വീടുകളില്‍ വിളക്കണച്ചു പ്രതിഷേധിച്ചത്. ദീപു വീട്ടില്‍ വിളക്കണച്ചു പ്രതിഷേധിക്കുമ്പോള്‍ തൊട്ടടുത്ത പുരയിടത്തില്‍ മറഞ്ഞിരുന്ന അക്രമികള്‍ ദീപുവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സ്ഥലത്തെത്തുമ്പോള്‍ നാലു പേര്‍ ചേര്‍ന്നു ദീപുവിനെ മതിലില്‍ ചേര്‍ത്തു നിര്‍ത്തിയിരിക്കുകയായിരുന്നു. വാഹനം നിര്‍ത്തി ചെല്ലുമ്പോള്‍ ‘ഞങ്ങളാടി തല്ലിയേ, നീ എന്തു ചെയ്യുമെടീ’ എന്ന് ആക്രോശിച്ചു തന്റെ നേര്‍ക്കു തിരിഞ്ഞുവെന്നും നിഷ പറയുന്നു.

രാജഗിരി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ വെള്ളിയാഴ്ച ഉച്ചയ്ക്ക് ദീപു മരണത്തിനു കീഴടങ്ങിയത്. ഈ മാസം 12ന് കിഴക്കമ്പലത്തു നടന്ന ലൈറ്റ് അണയ്ക്കല്‍ പ്രതിഷേധത്തിനിടെയാണ് ദീപുവിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. ട്വന്റി20 ഭരിക്കുന്ന കിഴക്കമ്പലം, കുന്നത്തുനാട്, മഴുവന്നൂര്‍, ഐക്കരനാട് പഞ്ചായത്തുകളിലെ വികസന പ്രവര്‍ത്തനങ്ങളെ പോലീസിനെയും ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് എംഎല്‍എ തടസ്സപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് വീടുകളില്‍ ലൈറ്റ് അണയ്ക്കല്‍ പ്രതിഷേധം നടത്തിയത്. ഇതിന്റെ ഭാഗമായി ദീപുവും വീട്ടില്‍ പ്രതിഷേധസമരത്തില്‍ പങ്കാളിയായി. ഇതേത്തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരായ ഒരുസംഘമാളുകള്‍ ദീപുവിനെ കയ്യേറ്റം ചെയ്യുകയും മര്‍ദിക്കുകയുമായിരുന്നു. ഇതിനിടെ ദീപുവിന്റെ വീടിനു മുന്നിലെത്തിയ അക്രമികള്‍, ദീപുവിന് ചികിത്സ നല്‍കുകയോ പൊലീസില്‍ അറിയിക്കുകയോ ചെയ്താല്‍ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി. ശനിയാഴ്ച തലയ്ക്ക് മര്‍ദനമേറ്റ ദീപു തിങ്കളാഴ്ച തലവേദനയെത്തുടര്‍ന്ന് രക്തം ഛര്‍ദിക്കുകയും അത്യാസന്ന നിലയിലാകുകയും ചെയ്തതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. പറാട്ടുവീട് സൈനുദീന്‍ സലാം, പറാട്ടു ബിയാട്ടു വീട്ടില്‍ അബ്ദുല്‍ റഹ്‌മാന്‍, നെടുങ്ങാടന്‍ വീട്ടില്‍ ബഷീര്‍, അസീസ് വലിയപറമ്പില്‍ എന്നിവരാണ് അറസ്റ്റിലായത്. അതേസമയം, ദീപുവിന്റെ മരണത്തില്‍ തനിക്കു പങ്കില്ലെന്ന് എം.എല്‍.എ പി.വി. ശ്രീനിജന്‍ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here