കൊച്ചി: കിഴക്കമ്പലം ഏരിയ സെക്രട്ടറി ദീപുവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയതിനു പിന്നില്‍ സ്ഥലം എംഎല്‍എ പി.വി. ശ്രീനിജിനെന്ന് തുറന്നടിച്ചു ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ്. മര്‍ദ്ദിക്കുന്നതിനു മുമ്പും പിമ്പും പ്രതികള്‍ ശ്രീനിജനെ ബന്ധപ്പെട്ടിട്ടുണ്ടെന്നും ആസൂത്രിതമായ കൊലപാതകത്തില്‍ ഒന്നാം പ്രതിയായി ചേര്‍ക്കേണ്ടത് പി.വി. ശ്രീനിജിന്‍ എംഎല്‍എയെ ആണെന്നും സാബു ജേക്കബ് പറഞ്ഞു. ശ്രീനിജിനെ അറസ്റ്റ് ചെയ്യണമെന്നും ഫോണുകള്‍ പിടിച്ചെടുക്കണമെന്നും സാബു ആവശ്യപ്പെട്ടു.
ഭരണത്തില്‍ കയറി പത്തു മാസം പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ ശ്രദ്ധ ഭരണത്തിലല്ല. പകരം ട്വന്റി ട്വന്റിയെ എങ്ങനെ ഇല്ലാതാക്കാമെന്നാണ് നോക്കുന്നത്. ഗുണ്ടകള്‍ക്ക് അഴിഞ്ഞാടാന്‍ ലൈസന്‍സ് നല്കി വിട്ടിരിക്കുകയാണ്. തന്നെയും ട്വന്റി ട്വന്റിയെയും ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ദീപുവിന്റെ കൊലപാതകം. സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് കേരളത്തില്‍. ദീപുവിനെ ഒരാഴ്ചയോളം പദ്ധതിയിട്ട് അടിച്ചു കൊല്ലുകയായിരുന്നുവെന്നും മരണം ബന്ധുക്കളെ അറിയിക്കുന്നതിന് മുന്‍പ് ആശുപത്രി അധികൃതര്‍ മാധ്യമങ്ങളെ അറിയിച്ചതില്‍ പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സാബു ആരോപിച്ചു.
ഒളിച്ചിരുന്നാണ് ദീപുവിനെ ആക്രമിച്ചത്. 15 മിനിറ്റോളം മര്‍ദിച്ചു. ദീപുവിന്റെ ശരീരത്തില്‍ ബാഹ്യമായ മുറിവുകളില്ല. ആന്തരികാവയങ്ങള്‍ക്ക് ക്ഷതമേറ്റിരുന്നുവെന്നും പ്രഫഷണലായാണ് കൊലപാതകം നടത്തിയതെന്നും സാബു ആരോപിച്ചു. 10 മാസമായി പഞ്ചായത്തിന്റെ പ്രവര്‍ത്തനം നടത്താനാവുന്നില്ല. നാലു പഞ്ചായത്തുകളില്‍ ഭീകരാന്തരീക്ഷമാണ്. ആശുപത്രി കേന്ദ്രീകരിച്ചും ഗൂഢാലോചന നടന്നുവെന്നും സാബു ജേക്കബ് ആരോപിച്ചു. ഇതുവരെ ഒരു അടിപിടി പോലും ട്വന്റി ട്വന്റി പ്രവര്‍ത്തകര്‍ ഉണ്ടാക്കിയിട്ടില്ല. കിഴക്കമ്പലം വളരെ ശാന്തമായിരുന്നു. അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ട ശേഷമാണ് അക്രമങ്ങള്‍ ആരംഭിച്ചത്. എല്ലാ സ്ഥലത്തും ഗുണ്ടകളെ അഴിച്ചു വിട്ടിരിക്കുകയാണ്. എവിടെയും പോയി എന്തും ചെയ്തോ, നോക്കിക്കൊള്ളാ എന്ന തുറന്ന ലൈസന്‍സ് കൊടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 12ന് നടന്ന സമരത്തിനു ശേഷം മര്‍ദനമേറ്റ ദീപു സിപിഎം പ്രവര്‍ത്തകരെ പേടിച്ച് പുറത്തിറങ്ങിയിരുന്നില്ല.
രക്തം ഛര്ദിച്ചതിനെത്തുടര്ന്നു 14നാണ് ചികിത്സ തേടിയത്. വയറില്‍ പലഭാഗത്തും ചതവും തലയില്‍ ആന്തരിക രക്തസ്രാവവും കണ്ടെത്തി. ഇന്നലെ 12ന് മരണവിവരം ആശുപത്രി അധികൃതര്‍ പുറത്തുവിട്ടു. മൃതദേഹം രാവിലെ പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകും. വൈകിട്ട് കിഴക്കമ്പലത്തു ട്വന്റി20 സ്റ്റാളിനു സമീപത്തുനിന്നു വിലാപയാത്രയായി മൃതദേഹം വീട്ടിലെത്തിക്കും. തുടര്‍ന്നു കാക്കനാട് ശ്മശാനത്തില്‍ സംസ്കാരം നടത്തും.