കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളമില്ല, കെ.എസ്.ഇ.ബിയില്‍ അച്ചടക്ക നടപടിയുണ്ട്… ഇടതു സംഘടനകള്‍ കൊടി പിടിക്കുമ്പോള്‍ വെട്ടിലായി മുന്നണി മന്ത്രിമാര്‍

തിരുവനന്തപുരം | കെ.എസ്.ആര്‍.ടി.സിയില്‍ ജീവനക്കാര്‍ ശമ്പളത്തിനായി സമരം തുടങ്ങി. വൈദ്യുതി ഭവനു മുന്നില്‍ ജീവനക്കാര്‍ മാനേജുമെന്റിനെതിരെ സമരത്തിലാണ്. ജനങ്ങളുമായി അടുത്തിടപഴകുന്ന രണ്ടിടങ്ങളിലെ ഭരണകര്‍ത്താക്കളും തൊഴിലാളികളും തമ്മിലുള്ള ശീതസമരം മറ്റു തലങ്ങളിലേക്കു കടക്കുകയാണ്. ഘടകകക്ഷി മന്ത്രിമാര്‍ ഭരിക്കുന്ന വകുപ്പുകളില്‍ ഇടതു സംഘടനകള്‍ തന്നെ സമരത്തിനിറങ്ങിയതോടെ, വിഷയം ഇടതു മുന്നണിക്കും തലവേദനയാകുന്നു.

കെ.എസ്.ആര്‍.ടി.സിയില്‍ പ്രശ്‌നം ശമ്പളവും പെന്‍ഷനുമാണെങ്കില്‍ കെ.എസ്.ഇ.ബിയിലേത് അച്ചടക്ക നടപടികളാണ്. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍, എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ എന്നിവര്‍ മന്ത്രി ആന്റണി രാജുവിനെയും കെ. കൃഷ്ണന്‍ കുട്ടിയെും പരസ്യമായിതന്നെ വിമര്‍ശിച്ചു കഴിഞ്ഞു. എന്നാല്‍, സമരങ്ങളോട് അനുകൂല നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരോ ഇടതു മുന്നണിയോ തയാറാകാത്തത് സമരക്കാരെയും വെട്ടിലാക്കുകയാണ്.

ജീവനക്കാര്‍ സമരം തുടങ്ങിയതോടെ ശമ്പളം നല്‍കാന്‍ കെ.എസ്.ആര്‍.ടി.സിക്കു സര്‍ക്കാര്‍ 30 കോടി രൂപ അനുവദിച്ചു. നൂറു കോടി രൂപയോളം ആവശ്യമുള്ളിടത്ത് ഇതുകൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെടില്ല. വിഷുവരെ കാത്തിരിക്കുമെന്നും അതിനുശേഷം അനിശ്ചിതകാല സമരം നടത്തുമെന്നുമാണ് ഭരണാനുകൂല യൂണിയനുകള്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ശമ്പളവിതരണത്തിനും വായ്പ തിരിച്ചടക്കുന്നതിനുമായി നേരത്തെ 202 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും കൂടിതല്‍ പണം ഉടന്‍ സാധ്യമാകില്ലെന്നുമാണ് ധനവകുപ്പിന്റെ നിലപാട്.

മന്ത്രി കമ്പനി ചെയര്‍മാനെ ചുമതലപ്പെടുത്തിയതിനു പിന്നാലെ ജീവനക്കാരും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുമാണ് കെ.എസ്.ഇ.ബിയില്‍ കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍, ഓഫീസേഴ്‌സ് അസോസിയേഷന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മാനേജുമെന്റ് തയാറായിട്ടില്ല. സസ്‌പെന്‍ഷനുകള്‍ പിന്‍വലിച്ചെങ്കിലും സ്ഥലമാറ്റിയ നടപടി നിലനില്‍ക്കുകയാണ്. തിരുവനന്തപുരം ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിര്‍ ജാസ്മിന്‍ ബാനു ഉള്‍പ്പെടെയുള്ളവരെയാണ് തിരുവനന്തപുരത്തിനു പുറത്തേക്കു മാറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here