തൃശൂര്‍: ഗുരുവായൂരില്‍ വഴിയരികില്‍ കണ്ടെത്തിയ പമ്പുടമ മനോഹരന്റെ മരണം ശ്വാസം മുട്ടിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മനോഹരന്റെ കാര്‍ മലപ്പുറം അങ്ങാടിപ്പുറത്തുനിന്ന് കണ്ടെത്തി. സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍.
മുഖം പൊത്തിപ്പിടിച്ച് മനോഹരനെ കൊലപ്പെടുത്തി ഗുരുവായൂര്‍ വഴിയരികില്‍ ഉപേക്ഷിച്ചശേഷം കൊലയാളികള്‍ കാറുമായി കടന്നുവെന്നാണ് പ്രാഥമിക നിഗമനം. പമ്പിലെ കളക്ഷന്‍ പണം തട്ടിയെടുക്കാനാണ് കൊലയെന്നാണ് പ്രാഥമിക നിഗമനം.
തിങ്കളാഴ്ച രാത്രി മനോഹരന് പമ്പിന് നിന്നു പുറപ്പെട്ടതിനു പിന്നാലെ മകള്‍ ഇദ്ദേഹത്തെ ഫോണില്‍ വിളിച്ചിരുന്നു. ഫോണ്‍ അറ്റന്‍ഡ് ചെയ്തയാള്‍ അച്ഛന് ഉറങ്ങുകയാണെന്നു പറഞ്ഞ് കട്ട് ചെയ്തു. പിന്നീട് ഫോണ്‍ സ്വിച്ചോഫായി. ഇതോടെയാണ് കുടുംബം പോലീസിനെ സമീപിച്ചത്.
മൃതദേഹം ഗുരുവായൂരില്‍ നിന്ന് രാവിലെ കണ്ടെത്തി. എന്നാല്‍, കാര്‍, ആഭരണങ്ങള്‍, പഴ്സ്, പമ്പിലെ കലക്ഷന്‍ ബാഗ് എന്നിവ കാണാതായിരുന്നു.