തലച്ചോറിനു ക്ഷതം, കൈയില്‍ ഒടിവുകള്‍… ബാലികയ്ക്ക് 72 മണിക്കൂര്‍ നിര്‍ണായകം, ബാധ ഒഴിപ്പിക്കലിനു വിധേയമാക്കിയോയെന്ന് സംശയം

കോലഞ്ചേരി: അതീവ ഗുരുതര നിലയില്‍ പരിക്കുകളുമായി ആശുപത്രിയിലെത്തിച്ച ബാലികയ്ക്ക് അടുത്ത 72 മണിക്കൂര്‍ നിര്‍ണായകം. കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലുള്ള ബാലികയ്ക്ക് തലച്ചോറിനു ക്ഷതമേറ്റിട്ടുണ്ട്. ഇടതു കൈയില്‍ രണ്ടു ഒടിവുകളുണ്ട്. തല മുതല്‍ കാല്‍പാദം വരെ ശരീരത്തിന്റെ പല ഭാഗങ്ങളില്‍ പൊള്ളലും മുറിവുകളുമുണ്ട്.

കാക്കനാട് തെങ്ങോട് വാടകയ്ക്ക് താമസിക്കുന്ന 38 കാരിയുടെ മകളെയാണ് ഞായറാഴ്ച രാത്രി പഴങ്ങനാട് ആശുപത്രിയിലെത്തിച്ചത്. അമ്മയും മുത്തശ്ശിയും ചേര്‍ന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. സംശയം തോന്നിയ ഡോക്ടറാണ് വിവരം പോലീസിനെ അറിയിച്ചത്. കുട്ടിയുടെ ദേഹത്ത് ഗുരുതര മുറിവുള്ളതിനാല്‍ മുതിര്‍ന്ന ആരോ മനപ്പൂര്‍വം ചെയ്തതാണെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യേഗാസ്ഥര്‍.

കുട്ടി ഹൈപ്പര്‍ ആക്ടീവാണെന്നും സ്വയം പരിക്കേല്‍പ്പിച്ചതാണെന്നുമാണ് അമ്മയുടെ മൊഴി. തൃക്കാക്കര സി.ഐ. ആര്‍. ഷാബുവിന്റെ നേതൃത്വത്തില്‍ അമ്മ ഉള്‍പ്പെടെയുള്ള ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. എന്നാല്‍, ദേഹത്തെ മുറിവുകളുടെ പഴക്കം പരിഗണിച്ച് ചികിത്സ വൈകിപ്പിച്ചെന്ന സംശയത്തില്‍ അമ്മയുടെ പേരില്‍ കേസെടുത്തിട്ടുണ്ട്.

തെങ്ങോടുള്ള വീട്ടില്‍ മാതാവ്, മുത്തശ്ശി, മാതൃസഹോദരി, ഭര്‍ത്താവ്, ഇവരുടെ 12 വയസ്സുള്ള മകന്‍ എന്നിവരോടൊപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്. കുട്ടി അപസ്മാരം വന്നു വീണപ്പോഴൂണ്ടായ പരിക്കാണെന്നാണ് ബന്ധുക്കള്‍ ആദ്യം പറഞ്ഞത്. പിന്നീട് ചോദ്യം ചെയ്യലില്‍ കുട്ടിക്ക് ബാധ കേറിയതാണെന്നും മുകളില്‍നിന്ന് സ്വയം എടുത്ത് ചാടുകയും മുറിവേല്‍പ്പിക്കുകയുമായിരുന്നെന്ന് തിരുത്തിപ്പറഞ്ഞു. കുന്തിരിക്കം കത്തിച്ചപ്പോഴാണ് കുട്ടിയുടെ കൈക്ക് പൊള്ളലേറ്റതെന്നും ഇവര്‍ പറഞ്ഞിരുന്നു.

കുട്ടിയെ ബന്ധുക്കള്‍ മര്‍ദിച്ചതാണെന്ന് സംശയമുണ്ടെങ്കിലും സ്ഥിരീകരിക്കാനായിട്ടില്ല. പെണ്‍കുട്ടിയെ ‘ബാധ ഒഴിപ്പിക്കല്‍’ നടപടിക്കു വിധേയമാക്കിയിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഞായറാഴ്ച രാത്രി തെങ്ങോടിലെ ഫ്‌ളാറ്റില്‍ നിന്നും കുടുംബം പുറത്തേക്കു പോകുന്നതായി അവിടത്തെ സി.സി.ടി.വി ക്യാമറയിലുണ്ട്. ഇവര്‍ മറ്റേതെങ്കിലും കേന്ദ്രത്തില്‍ പോയതിനുശേഷമാണോ കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്നും പരിശോധിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here