സുരേഷ് ഗോപിയുടെ വിഷു കൈനീട്ടി നിധി ദേവസ്വം ക്ഷേത്രങ്ങളില്‍ വിലക്കി, മേല്‍ശാന്തിമാര്‍ ‘വിഷു കൈനീട്ടം’ വാങ്ങി വിതരണം ചെയ്യില്ല

തൃശൂര്‍ | ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് മേല്‍ശാന്തിമാര്‍ വഴി വിഷു ദിവസം കൈനീട്ടം നല്‍കാനുള്ള സുരേഷ് ഗോപിയുടെ പദ്ധതിക്കു തിരിച്ചടി. വ്യക്തികളില്‍ നിന്നു പണം സ്വീകരിച്ചു കൈനീട്ടം നല്‍കുന്നതില്‍ നിന്നു മേല്‍ശാന്തിമാരെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിലക്കി. ഇതോടെ കൈനീട്ടപദ്ധതി രാഷ്ട്രയ വിഷയമായി മാറുകയാണ്.

വടക്കുന്നാഥ ക്ഷേത്രത്തിലെ മേല്‍ശാന്തിക്കു 1000 രൂപയ്ക്കുള്ള ഒരു രൂപ നോട്ടുകള്‍ നല്‍കിയതിലാണ് ദേവസ്വം ബോര്‍ഡ് ഇടപെട്ടത്. ഈ തുകയില്‍നിന്നു മേല്‍ശാന്തി ആര്‍ക്കും കൈനീട്ടം നല്‍കിയിട്ടില്ലെന്നും ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, പലരും ഇതിനോടകം കൈപ്പറ്റിയതായും റിപ്പോര്‍ട്ടുണ്ട്.

ബോര്‍ഡ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ സുരേഷ് ഗോപിയുടെ പേരു പറഞ്ഞിട്ടില്ല. ചില വ്യക്തികളില്‍ നിന്നു സംഖ്യ ശേഖരിക്കുന്നതില്‍ നിന്നു മേല്‍ശാന്തിമാരെ വിലക്കുന്നുവെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. കൂടുതല്‍ ക്ഷേത്രങ്ങളില്‍ വിഷുകൈനീട്ട നിധി എത്തിക്കാന്‍ സുരേഷ് ഗോപി തുനിഞ്ഞേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കൂടിയാണ് ബോര്‍ഡിന്റെ നീക്കം.

തിരുവനന്തപുരത്തു സംഘടിപ്പിച്ച കൈനീട്ട വിതരണ പരിപാടിയില്‍ വിവാദത്തോട് സുരേഷ് ഗോപി പ്രതികരിച്ചു.

‘ചില വക്രബുദ്ധികള്‍ അതിനുനേരെയും വന്നിട്ടുണ്ട്. അത് നമ്മുടെ ഏറ്റവും വലിയ വിജയമായാണ് കണക്കാക്കുന്നത്. അവര്‍ക്ക് അസഹിഷ്ണുത ഉണ്ടായി. ഞാനത് ഉദ്ദേശിച്ചിരുന്നില്ല. കുരുന്നുകളുടെ കൈയിലേക്ക് ഒരുരൂപയാണ് വെച്ചുകൊടുക്കുന്നത്. 18 വര്‍ഷത്തിന് ശേഷം വോട്ട് മേടിക്കാനുള്ള കപ്പമല്ല കൊടുത്തത്. വിഷു ഹിന്ദുവിന്റേതല്ല, ദക്ഷിണേന്ത്യക്കാരുടെ മുഴുവന്‍ ആചാരമാണ്. അത് മാത്രമാണ് നിര്‍വഹിച്ചത്.

രാജ്യത്തിന്റെ സമ്പന്നതയിലേക്ക് സംഭാവന ചെയ്യുന്നതാണ് ഓരോ കുഞ്ഞും. അവരുടെ കഴിവുകള്‍ ഒരിക്കലും പാഴായി പോകരുതെന്ന പ്രാര്‍ഥനയാണ് കൈനീട്ടം നല്‍കിയപ്പോഴുണ്ടായിരുന്നത്. ഒരു രൂപ നോട്ടില്‍ ഗാന്ധിയുടെ ചിത്രമാണ് ഉള്ളത്. നരേന്ദ്ര മോദിയുടെയോ സുരേഷ് ഗോപിയുടേയോ അല്ല. ആ ഒരു രൂപ നോട്ടെടുത്ത് മഹാലക്ഷ്മിയെ മനസില്‍ പ്രാര്‍ഥിച്ച് ഈ കുഞ്ഞ് പ്രാപ്തി നേടി നിര്‍വഹണത്തിന് ഇറങ്ങുമ്പോള്‍ ആ കൈയിലേക്ക് ഒരു കോടി വന്നിറങ്ങുന്ന അനുഗ്രഹവര്‍ഷമുണ്ടാകണേ, ഈ മുഹൂര്‍ത്തത്തില്‍ എന്ന് പ്രാര്‍ഥിച്ചുകൊണ്ടാണ് ഒരു രൂപ നോട്ട് കൈയില്‍ വെച്ച് കൊടുക്കുന്നത്.

ആ നന്മ മനസിലാക്കാന്‍ പറ്റാത്ത മാക്രിപ്പറ്റങ്ങളോട് എന്താണ് പറയേണ്ടത്. ചൊറിയന്‍ മാക്രിപ്പറ്റങ്ങളാണിവര്‍. ധൈര്യമുണ്ടെങ്കില്‍ പ്രതികരിക്കട്ടെ, ഞാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. ഹീനമായ ചിന്തയുണ്ടെങ്കില്‍ മാത്രമേ ഇതിനെ എതിര്‍ക്കാനാകൂ. ഓരോ കുഞ്ഞും ജനിച്ചു വീഴുന്നത് കുടുംബത്തിന്റെ സ്വത്തായിട്ടായിരിക്കാം. പക്ഷെ അവര്‍ രാജ്യത്തിനുള്ള സംഭാവനയാണ്. ആ കുഞ്ഞിന്റെ ഡി.എന്‍.എയില്‍ നവോത്ഥാനം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. അത് മുന്‍പു പറഞ്ഞ വക്രബുദ്ധികള്‍ സൃഷ്ടിക്കുന്ന നവോത്ഥാനമല്ല.’

അതേസമയം, ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലല്ലാതെ പ്രവര്‍ത്തികക്കുന്ന, പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാര്‍ക്കും സുരേഷ് ഗോപി വിഷുകൈനീട്ട നിധി കൈമാറിയിട്ടുണ്ട്. ഒരാഴ്ചയോളമായി സുരേഷ് ഗോപി വിഷുകൈനീട്ട പരിപാടിയുമായി ജില്ലയിലുണ്ട്. ഒരു ലക്ഷം രൂപയുടെ പുത്തന്‍ ഒരു രൂപ നോട്ടുകളാണ് അദ്ദേഹം കൈനീട്ടപരിപാടിക്കായി നീക്കിവച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here