കൊച്ചി: 15 കിലോമീറ്ററോളം കടല്‍ തീരം അധികം വൈകാതെ കടലെടുത്തുപോകുമെന്ന് പഠനം. നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസിന്റെ (ഇന്‍കോയിസ്) കോസ്റ്റല്‍ വള്‍നറബിലിറ്റി ഇന്‍ഡക്സിലാണ് (സി.വി.ഐ.) സംസ്ഥാനത്തെ ദുര്‍ബലമായ തീരദേശമേഖലകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്.
സംസ്ഥാനത്തെ 53 കിലോമീറ്റര്‍ അപകടകരമായ രീതിയിലും 243 കിലോമീറ്റര്‍ ഇടത്തരം അപകടകരമായ രീതിയിലുമാണെന്ന് പഠനം പറയുന്നു. മാറുന്ന കടല്‍നിരപ്പ്, തീരത്തിലുണ്ടാകുന്ന മാറ്റം, സുനാമിയടക്കമുള്ള കടല്‍മേഖലയിലെ ദുരന്തങ്ങള്‍, തിരമാലയുടെ ഉയരവും ദൈര്‍ഘ്യവും കടലിന്റെ ഉയര്‍ച്ചതാഴ്ചകള്‍ തുടങ്ങിയ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് പഠനം തയ്യാറാക്കിയിരിക്കുന്നത്.
കണ്ണൂര്‍, കൊച്ചി, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലെ തീരമേഖലകളാണ് അപകടകരമായ രീതിയിലുള്ളതില്‍ അധികം. തീരദേശ മണ്ണൊലിപ്പ്, കടല്‍ കയറുക, സുനാമിയിലും മറ്റു പ്രകൃതിദുരന്തങ്ങളിലും വളരെവേഗം നാശം സംഭവിക്കുക, തീരമേഖലകളില്‍ ചെരിവ് സംഭവിക്കുക, ഉയര്‍ന്ന തിരമാലയടിക്കുക തുടങ്ങിയവ ഈ പ്രദേശങ്ങളില്‍ ദൃശ്യമാണെന്ന്് റിപ്പോര്‍ട്ട് പറയുന്നു.
കേരളത്തിലെ സമുദ്രത്തിന്റെ തോത് പ്രതിവര്‍ഷം മൂന്നു മുതല്‍ 3.4 വരെ മില്ലീമീറ്റര്‍ ഉയരുന്നുണ്ട്. ഇത് വളരെയേറെ ശ്രദ്ധനല്‍കേണ്ട ഭാഗമാണെന്നു വിദഗ്ധര്‍ പറയുന്നു.