ന്യൂ ജെന്‍ രാഷ്ട്രീയക്കാരെ, ഇതിലേ ഇതിലേ… സ്റ്റാര്‍ട്ട് അപ്പ് തുറന്നു

0

തിരുവനന്തപുരം: രാഷ്ട്രീയം ജനസേവയാണ്. കാലം മാറിയതോടെ രാഷ്ട്രീയക്കാരെ വാര്‍ത്തെടുക്കാനും ‘സ്റ്റാര്‍ട്ട് അപ്പ്’ റെഡി.

കേള്‍ക്കുമ്പോള്‍ അല്‍പ്പം തമാശയും കൗതുകവുമൊക്കെ തോന്നുന്നുണ്ട് അല്ലെ ? എന്നാല്‍, ന്യൂജെന്‍ രാഷ്ട്രീയക്കാരെ പ്രവര്‍ത്തന സജ്ജരാക്കാന്‍ തിരുവനന്തപുരത്ത് ഒരു സ്ഥാപനം പ്രവര്‍ത്തനം തുടങ്ങുകയാണ്. പൊളിറ്റിക്കല്‍ റിക്യൂട്ട്‌മെന്റ് ഇന്നവേറ്റീവ് എന്ന പേരിലാണ് ചിങ്ങം ഒന്നിന് സ്ഥാപനം പ്രവര്‍ത്തനം ആരംഭിക്കുന്നത്. രാഷ്ട്രീയക്കാര്‍, ജനങ്ങളുമായി അടുത്തിടപഴകേണ്ടി വരുന്ന മറ്റു മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് ആവശ്യമായ പരിശീലനങ്ങള്‍ ഒരുക്കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം.

രാഷ്ട്രീയ പ്രവര്‍ത്തകനും മാധ്യമ പ്രവര്‍ത്തകനുമായ ആര്‍ അജിരാജകുമാറാണ് വേറിട്ട ആശയത്തിന് പിന്നില്‍. ആധുനിക കാലത്ത് ഓരോരുത്തരുടെയും പ്രസംഗ പാടവം, തൊഴില്‍ മേഖല, വിദ്യാഭ്യാസ യോഗ്യത, ജനങ്ങളുമായുള്ള ഇടപെടല്‍ തുടങ്ങിയ നിരവധി മാനദണ്ഡങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പാര്‍ട്ടി പദവികളിലേക്ക് നിയോഗിക്കുമ്പോള്‍ വിലയിരുത്താറുണ്ട്.

ഇത്തരത്തില്‍ കഴിവും ജനസ്വാധീനവും വളര്‍ത്തിയെടുക്കുന്നതിനുള്ള വ്യക്തിത്വ വികസന പരിപാടികള്‍, പ്രസംഗപാടവത്തിനായുള്ള ക്ലാസുകള്‍, ഭാഷാ നൈപുണ്യം വര്‍ദ്ധിപ്പിക്കാനുള്ള പ്രത്യേക പരിശീലനം തുടങ്ങിയവയാണ് പൊളിറ്റിക്കല്‍ റിക്യൂട്ട്‌മെന്റ് ഇന്നവേറ്റീവ് ന്യൂജെന്‍ രാഷ്ട്രീയക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.

1990 കളുടെ തുടക്കത്തില്‍ പത്തിലധികം പാര്‍ട്ടികള്‍ മാത്രമുണ്ടായിരുന്ന കേരളത്തില്‍ ഇന്ന് ചെറുതും വലുതുമായ 30 ലധികം രാഷ്ട്രീയ പാര്‍ട്ടികളാണ് പ്രവര്‍ത്തിക്കുന്നത്. യുവതലമുറയെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് ആകര്‍ഷിക്കാന്‍ പുതിയ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അജിരാജകുമാര്‍ പറഞ്ഞു.

ശബ്ദഭൂമി ദിനപത്രത്തിന്റെ സഹോദര സ്ഥാപനമായിട്ടായിരിക്കും പുതിയ സ്റ്റാര്‍ട്ടപ്പ് പ്രവര്‍ത്തിക്കുക. തുടക്കം കേരളത്തിലാണെങ്കിലും അധികം വൈകാതെ മറ്റു സംസ്ഥാനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് പദ്ധതി.

LEAVE A REPLY

Please enter your comment!
Please enter your name here