ന്യുഡല്‍ഹി | കേരളത്തില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് എം.പി ശശി തരൂരിന് ഹൈക്കമാന്‍ഡിന്റെ അനുമതിയില്ല. കെപിസിസി തീരുമാനത്തിനൊപ്പം നില്ക്കാന് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി തരൂരിനോട് ആവശ്യപ്പെട്ടു.
കേരളത്തില്‍ നിന്നുള്ള എംപിമാരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് സോണിയാ ഗാന്ധി തീരുമാനമെടുത്തത്. സിപിഎം സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നതിനെ കെപിസിസി വിലക്കിയിരുന്നു. സെമിനാറില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് സോണിയയോട് സംസാരിച്ച് തീരുമാനിക്കുമെന്ന നിലപാടിലായിരുന്നു തരൂര്‍ നേരത്തെ സ്വീകരിച്ചത്.
സിപിഎമ്മിനും കോണ്‍ഗ്രസിനും അഭിപ്രായ വ്യത്യാസമില്ലാത്ത വിഷയത്തിലാണ് സെമിനാറെന്നും പാര്‍ട്ടിക്കൊപ്പം നില്‍ക്കാനാണ് താല്പര്യമെന്നും തരൂര്‍ വ്യക്തമാക്കി. ഏപ്രിലില്‍ കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ അനുബന്ധ സെമിനാറുകളില്‍ ശശി തരൂരിനു പുറമേ, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ് എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്.