കൊച്ചി : കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെതിരെ പ്രാഥമിക കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വരുന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ശിവശങ്കറിനെതിരായ പ്രാഥമിക കുറ്റപത്രം ഇ ഡി സമര്‍പ്പിക്കുമെന്നും ഇതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണെന്നുമാണ് വിവരം.കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന ശിവശങ്കറിന് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയുന്നതിനാണ് പ്രാഥമിക കുറ്റപത്രം സമര്‍പ്പിക്കുന്നത്.ഈ മാസം 24 നു മുമ്ബു തന്നെ കുറ്റപത്രം സമര്‍പ്പിച്ചേക്കുമെന്നാണ് വിവരം.
നേരത്തെ സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, പി എസ് സരിത്ത് എന്നിവര്‍ക്കെതിരെ ഇ ഡി പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ശിവശങ്കറിനെതിരെയും കുറ്റപത്രം സമര്‍പ്പിക്കാന്‍ ഇ ഡി തയ്യാറെടുക്കുന്നത്.ഇതിനു മുന്നോടിയായി സ്വപ്നയെയും സരിത്തിനെയും വീണ്ടും ജെയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടി ഇ ഡി കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കസ്റ്റംസിനോട് ഇവര്‍ പുതുതായി കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ ഇരുവരെയുംവീണ്ടും ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ഇ ഡി കോടതിയില്‍ നല്കിയ അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇ ഡി യുടെ അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.ഈ ചോദ്യം ചെയ്യിലനു ശേഷമായിരിക്കും ശിവശങ്കറിനെതിരെയുള്ള കുറ്റപത്രം ഇ ഡി കോടതിയില്‍ സമര്‍പ്പിക്കുക.
കഴിഞ്ഞ ഒക്ടോബര്‍ 28 നാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ശിവശങ്കറെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തത്.തുടര്‍ന്ന് പല ഘട്ടങ്ങളിലായി എന്‍ഫോഴ്സ്മെന്റ് ശിവശങ്കറെ ചോദ്യം ചെയ്തിരുന്നു.ഇതിനിടയില്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്നയെയും സരിത്തിനെയും കസ്റ്റംസ് നടത്തിയ ചോദ്യം ചെയ്യലില്‍ സ്വര്‍ണക്കടത്തിലും വിദേശ കറന്‍സി കടത്തിലും ശിവശങ്കറിന് പങ്കാളിത്തമുളളതായി ഇവര്‍ സമ്മതിച്ചതായി കസ്റ്റംസ് കോടതിയില്‍ അറിയിച്ചിരുന്നു.തുടര്‍ന്ന് സ്വപ്നയും സരിത്തും മജിസ്ട്രേറ്റിന്റെ മുമ്ബാകെ രഹസ്യമൊഴി നല്‍കുകയും ചെയ്തിരുന്നു.
സ്വപ്നയുടെ ജീവന് തന്നെ ഭീഷണിയാകുന്ന വെളിപ്പെടുത്തലുകളാണ് അവര്‍ നടത്തിയിരിക്കുന്നതെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. തനിക്ക് ജയിലില്‍ ജീവന് ഭീഷണിയുണ്ടെന്നും ഉന്നത സ്വാധീനമുള്ളവര്‍ തന്നെയും തന്റെ കുടുംബത്തെയും അപായപ്പെടുത്തുമെന്ന് ഭയപ്പെടുന്നുവെന്നും തനിക്ക് സംരക്ഷണം നല്കാന് നിര്‍ദേശം നല്‍കണമെന്നും ചൂണ്ടിക്കാട്ടി സ്വപ്ന കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.ഇതു പ്രകാരം സ്വപ്നയക്ക് സംരഷണം നല്‍കണമെന്ന് കോടതി ജയില്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലാണ് സ്വപ്ന സുരേഷ് റിമാന്റില്‍ കഴിയുന്നത്.തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ് സരിത്ത് റിമാന്റില്‍ കഴിയുന്നത്.