കോഴിക്കോട് | സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശിയായ ഏഴു വയസ്സുകാരിക്കാണ് രോഗം ബാധിച്ചത്. 20, 21 തീയതികളിലാണ് രോഗ ലക്ഷണം പ്രകടമായത്. മലത്തില്‍ രക്തം കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. അയല്‍വാസിയായ മറ്റൊരു കുട്ടിക്കും രോഗ ലക്ഷണങ്ങള്‍ കണ്ടു. കുട്ടി തലക്കുളത്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സതേടി. രണ്ടു കുട്ടികള്‍ക്കും നിലവില്‍ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഉറവിടം കണ്ടെത്താനായിട്ടില്ല. മറ്റു ചില മേഖലകളിലും രോഗഭീതി ഉയര്‍ന്നിട്ടുണ്ട്.
ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തതിനാല്‍ മുന്‍കരുതലെന്ന നിലയില്‍ പ്രദേശത്തെ 100 വീടുകളിലെ കിണറുകള്‍ ആരോഗ്യ വകുപ്പ് ക്ലോറിനേറ്റ് ചെയ്തു. പനി, വയറിളക്ക ലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്താനായി സര്‍വേയും നടത്തി. പുതിയാപ്പ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.വി.മിഥുന് ശശിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.