തിരുവനന്തപുരം: ചരിത്രം കുറിച്ച തുടര്‍ഭരണാവകാശവുമായി പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു. സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ പ്രത്യേകം സജീകരിച്ച് പന്തലില്‍ വൈകുന്നേരം 3.35 ഓടെ ക്ഷണിക്കപ്പെട്ട സദസിനു മുന്നിലായിരുന്നു സത്യപ്രതിജ്ഞ.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുമ്പാകെ ആദ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ സത്യവാചകം ചൊല്ലി. പിന്നാലെ ഘടകക്ഷി മന്ത്രിമാരായ കെ.രാജന്‍, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു എന്നിവരുടെ ഊഴം. പിന്നാലെ മറ്റു മന്ത്രിമാരും അക്ഷരമാലാക്രമത്തില്‍ സത്യവാചകം ചൊല്ലി. പിണറായി വിജയനും കെ. രാജനും സഗൗരവം സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ റോഷി അഗസ്റ്റിനും കെ. കൃഷ്ണന്‍കുട്ടിയും അഹമ്മദ് ദേവര്‍കോവിലും ദൈവനാമത്തിലാണ് സത്യവാചകം ചൊല്ലിയത്.

സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി പ്രശസ്തരായ 54 ഗായകര്‍ അണിചേര്‍ന്ന വെര്‍ച്വല്‍ സംഗീതാവിഷ്‌കാരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ സ്‌ക്രീനില്‍ തെളിഞ്ഞു. ഇ.എം.എസ് മുതല്‍ പിണറായി വിജയന്‍ വരെയുള്ളവര്‍ നയിച്ച സര്‍ക്കാരുക എങ്ങനെ കേരളത്തെ മാറ്റുകയും വളര്‍ത്തുകയും ചെയ്തുവെന്ന് വിളംബരം ചെയ്യുന്നതായിരുന്നു സംഗീത ആല്‍ബം.

LEAVE A REPLY

Please enter your comment!
Please enter your name here