രാത്രിയില്‍ ബസ് സ്‌റ്റോപ്പില്‍ നിന്ന റിട്ട. അധ്യാപകന്റെ പിന്‍ഭാഗത്ത് രണ്ടടി കൊടുത്ത കിളിമാനൂര്‍ എസ്.ഐ. അരുണിന്റെ നടപടി വിവാദത്തിലേക്ക്.

ജൂണ്‍ 28-ന് രാത്രി കിളിമാനൂര്‍ ജംഗ്ഷനില്‍ ബസ് സ്‌റ്റോപ്പില്‍ ഓട്ടോ കാത്തുനിന്ന റിട്ട. പഥമ അധ്യാപകനും കോണ്‍ഗ്രസ് (എസ്) കിളിമാനൂര്‍ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എം. വിജയകുമാറിനെയാണ് ഒരു കാരണവും കൂടാതെ എസ്.ഐ. ലാത്തിക്കടിച്ചത്.

ജീപ്പില്‍ വന്ന എസ്.ഐ. അരുണ്‍ ചാടിയിറങ്ങി ഒന്നും ചോദിക്കാതെ തന്നെ പിന്‍ഭാഗത്ത് രണ്ടുതവണ ലാത്തികൊണ്ട് ആഞ്ഞടിക്കുകയായിരുന്നൂവെന്ന് പരാതിയില്‍ പറയുന്നു. അറുപത്തിനാലുകാരനായ റിട്ട. അധ്യാപകന്‍ അടികൊണ്ട് പുളഞ്ഞു നില്‍ക്കുന്നതിനിടെ, വന്നപോലെ തന്നെ എസ്.ഐ. ജീപ്പില്‍ക്കയറി പോകുകയും ചെയ്തു.

പിന്‍ഭാഗം അടികൊണ്ട് പഴുത്തതോടെ ആറ്റിങ്ങല്‍ ജില്ലാആശുപത്രിയില്‍ ചികിത്സതേടിയശേഷമാണ് വിജയകുമാര്‍ കിളിമാനൂര്‍ ഡി.വൈ.എസ്.പി.ക്ക് പരാതി നല്‍കിയത്.

മകന്റെ പ്രായമുള്ള എസ്.ഐയുടെ കൈയ്യില്‍നിന്ന് ഒരു തെറ്റുംചെയ്യാതെ അടിവാങ്ങിയതിന്റെ മാനസിക ആഘാതത്തിലാണ് വിജയകുമാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി എസ്.ഐയ്‌ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കുമെന്നും വിജയകുമാര്‍ പറഞ്ഞു.

എന്നാല്‍ റിട്ട.അധ്യാപകനെ മര്‍ദ്ദിച്ചില്ലെന്നാണ് എസ്.ഐ. അരുണിന്റെ നിലപാട്. വകുപ്പ് തല അന്വേഷത്തില്‍ പരാതിക്കാരന്‍ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. എസ്.ഐക്കെതിരേ നടപടിയുണ്ടാകുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here