ആകാശ പ്രമുഖന്‍ കേരളത്തിലെത്തി, രാജ്യത്താദ്യമായി എയര്‍ബസ് എച്ച് 145 സ്വന്തമാക്കി രവി പിള്ള, വില 100 കോടി

തിരുവനന്തപുരം | ലോകത്താകെ 1500 എണ്ണം മാത്രമുള്ള, നൂറു കോടിയുടെ എയര്‍ബസ് എച്ച് 145 ഹെലികോപ്ടര്‍ ഇനി മലയാളക്കരയ്ക്കു മുകളിലൂടെ പറക്കും. പ്രമുഖ വ്യവസായിയും ആര്‍പി ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. ബി. രവി പിള്ളയാണ് ഇന്ത്യയില്‍ തനെന ഈ ഹെലികോപ്ടര്‍ വാങ്ങുന്ന ആദ്യ ആളായി മാറിയത്.

റാവീസ് കോവളം മുതല്‍ റാവീസ് അഷ്ടമുടി വരെ നടന്ന ഉദ്ഘാടന പറക്കലില്‍ ആര്‍പി ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ ഗണേഷ് രവി പിള്ള അടക്കമുള്ളവര്‍ പങ്കെടുത്തു. ആഡംബര ടൂറിസം പദ്ധതികളിലേക്കു കൂടി ആര്‍.പി ഗ്രൂപ്പ് കടക്കുന്നതിന്റെ ഭാഗമായാണ് ഹെലികോപ്ടര്‍ കേരളത്തിലെത്തിച്ചത്. കോഴിക്കോട്ടെ ഹോട്ടല്‍ റാവീസ് കടവ്, കൊല്ലത്തെ റാവീസ് അഷ്ടമുടി, തിരുവനന്തപുരത്തെ റാവീസ് കോവളം എന്നിവിടങ്ങളില്‍ ഹെലിപാഡുകളുണ്ട്. ഇവ മൂന്നും കോര്‍ത്തിണക്കിയുള്ള പാക്കേജുകളുണ്ടാകുമെന്നാണ് റാവീസ് അധികൃതര്‍ നല്‍കുന്ന സൂചന.

പൈലറ്റിനെ കൂടാതെ ഏഴു പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്നതാണ് എയര്‍ബസ് എച്ച് 145. കടല്‍ നിരപ്പില്‍ നിന്നു 20,000 അടി ഉയരത്തിലുള്ള പ്രതലങ്ങളില്‍പോലും അനായാവസമായി ഇറങ്ങാനും പൊങ്ങാനും ഇവയ്ക്കു സാധിക്കും. കോപ്ടര്‍ അപകടത്തില്‍പ്പെട്ടാലും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന എനര്‍ജി അബ്‌സോര്‍ബിംഗ് സീറ്റുകളാണ് മറ്റൊരു പ്രത്യേകത. പറക്കുന്നതിനിടെ ഗ്രൗണ്ട് സ്‌റ്റേഷനുകളിലേക്ക് ഏറ്റവും മികച്ച രീതിയിലുള്ള വാര്‍ത്താ വിനിമയ സംവിധാനമാണ് എച്ച് 145 ലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here