തിരുവനന്തപുരം: പട്ടാപ്പകല്‍ ആയുധവുമായി എത്തി, ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നു. തമ്പാനൂര്‍ ഓവര്‍ ബ്രിഡ്ജിനു സമീപുമുള്ള ഹോട്ടല്‍ സിറ്റി ടവറിനെ റിസപ്ഷനിസ്റ്റ്, നാഗര്‍കോവില്‍ സ്വദേശി അയ്യപ്പനെയാണ് മാരകായുധവുമായി എത്തിയ അക്രമി വെട്ടികൊന്നത്. കല്ലിയോട് സ്വദേശി അജീഷിനെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നെടുമങ്ങാടു നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു.
വെട്ടുകത്തിയുമായി കടന്നുവന്നു കഴുത്ത് പിടിച്ചുവച്ച് തുടര്‍ച്ചയായി വെട്ടുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം ഇയാള്‍ ബൈക്കില്‍ കയറി പോകുന്നതും സി.സി.ടി.വി ക്യാമറയില്‍ വ്യക്തമാണ്. അയ്യപ്പനു പുറമേ റൂം ബോയിയായ മറ്റൊരു ജീവനക്കാരന് മാത്രമേ ആക്രമണം നടക്കുമ്പോള്‍ ഹോട്ടലില്‍ ഉണ്ടായിരുന്നുള്ളൂ. മാലിന്യങ്ങള്‍ കളഞ്ഞ് തിരികെയെത്തിയ റൂം ബോയ് കണ്ടത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന അയ്യപ്പനെയാണ്.
ഒരാഴ്ച മുമ്പ് ഹോട്ടലിൽ മുറിയെടുക്കാൻ എത്തിയപ്പോൾ റിസപ്ഷനിസ്റ്റായ അയ്യപ്പനുമായി ഇയാൾ തർക്കമുണ്ടാക്കിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കൊലപാതകത്തിന് ശേഷം ആയുധവുമായി നെടുമങ്ങാട് എത്തിയ ഇയാളെ ഒരു പാലത്തിൽ ഇരിക്കുമ്പോഴാണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളയാളാണ് അജീഷ് . കൊലക്ക് ഉപയോഗിച്ച ആയുധവും ലഭിച്ചു. നേരത്തെയും പല കേസുകളിൽ പ്രതിയായ ഹരീഷിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
കഴിഞ്ഞ ദിവസം രാത്രിയില്‍ വീട്ടിലേക്കു മടങ്ങുമ്പോഴും അയ്യപ്പനുമായി സംസാരിച്ചിരുന്നുവെന്നും പ്രശ്നങ്ങളെന്തെങ്കിലും ഉണ്ടായിരുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും ഹോട്ടല്‍ ഉടമ പറയുന്നു. മോഷണശ്രമത്തിനിടെ യുവതിയെ കൊലപ്പെടുത്തിയ അമ്പലമുക്ക് സംഭവത്തിന്റെ നടുക്കം മാറുന്നതിനു മുമ്പാണ് മറ്റൊരു അരുംകൊല അരങ്ങേറുന്നത്.