തൊടുപുഴ: നെടുങ്കണ്ടം പോലീസ് കസ്റ്റഡിയില്‍ പ്രതി രാജ്കുമാറിനു പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ഏല്‍ക്കേണ്ടിവന്നത് ക്രൂരമര്‍ദ്ദനമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കേസില്‍ ഒന്നും നാലും പ്രതികളാക്കിയവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. അനധികൃത കസ്റ്റഡി മരണം എസ്.പി. വേണുഗോപാലിന്റെ കൂടി അറിവോടെയാണെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍, ഇയാളെ തല്‍സ്ഥാനത്തു നിന്ന് നീക്കി ചുമതലകളില്‍ നിന്ന മാറ്റി നിര്‍ത്താനും നീക്കമുണ്ട്.

ജൂണ്‍ 12 ന് വൈകുന്നേരം അഞ്ചു മുതല്‍ അറസ്റ്റ് രേഖപ്പെടുത്തുന്ന 15വരെ മര്‍ദ്ദിക്കുന്നതു തുടര്‍ന്നു.സ്‌റ്റേഷന്‍ രേഖകളിലടക്കം കൃത്രിമം കാണിച്ചു തുടങ്ങിയ കുറ്റങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പ്രതികള്‍ക്കെതിരെ ഉള്ളത്. വണ്ടിപ്പെതിയാറില്‍ വച്ച് പോലീസ് ഡ്രൈവര്‍ സജീവ് ആന്റണി മര്‍ദ്ദിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന എസ്.ഐ. സാബു തടയാന്‍ ശ്രമിച്ചില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. കാലുകളിലും കാല്‍പ്പാദത്തിലും അതിക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ട്. കേസില്‍ ഒന്നു മുതല്‍ നാലുവരെയുള്ള പ്രതികള്‍ രാജ്കുമാറിനെ സ്‌റ്റേഷനിലെത്തിച്ച് കാലിലും കാല്‍വെള്ളയിലും അടിക്കുന്ന സാഹചര്യമുണ്ടായി. കാല്‍ പുറകിലോട്ട് വലിച്ചുവച്ച് ക്രൂരമായി മര്‍ദ്ദിച്ചു. അവശനിലയിലായിട്ടും മതിയായ ചികിത്സാ സഹായം നല്‍കിയില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here