മഴയുടെ ഇടവേള കൂടി, ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്, അതീവ ജാഗ്രത തുടരുന്നു… 60,622 പേര്‍ ക്യാമ്പുകളില്‍

0

തിരുവനന്തപുരം: രൂക്ഷത കുറഞ്ഞ മഴ എപ്പോള്‍ വേണമെങ്കിലും വീണ്ടും പെയ്തിറങ്ങിയേക്കുമെന്ന് ആശങ്ക. എട്ടു ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം തുടരുന്നു. നീരൊഴുക്ക് കുറഞ്ഞു തുടങ്ങിയെങ്കിലും ഡാമുകളുടെ ഷട്ടര്‍ ഉടന്‍ അടയ്ക്കില്ല. 60,622 പേര്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍.

കേരളം ഉള്‍പ്പെടെ 16 സംസ്ഥാനങ്ങളില്‍ അടുത്ത രണ്ടു ദിവസം കനത്ത മഴയ്ക്കു സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഓഗസ്റ്റ് 15വരെ കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് അതീവ ജാഗ്രത തുടരാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് 513 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. പ്രളയക്കെടുതിയില്‍ സംസ്ഥാനത്താകെ 1501 വീടുകള്‍ ഭാഗികമായും 101 എണ്ണം പൂര്‍ണമായും തകര്‍ന്നുവെന്നാണ് പ്രാഥമിക കണക്ക്. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, ആലുവ എന്നിവിടങ്ങളില്‍ ഇപ്പോള്‍ കരസേനയുടെ സാനന്നിദ്ധ്യമുണ്ട്. വയനാട്, ആലുവ, കൊച്ചി എന്നിവിടങ്ങളില്‍ നാവിക സേനയും ക്യാമ്പ് ചെയ്യുന്നുണ്ട്. ക്യാമ്പുകളില്‍ കഴിയുന്ന രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഫീസ് ഈടാക്കാതെ പ്രത്യേക അദാലത്തുകള്‍ നടത്തി രേഖകള്‍ നല്‍കും. റോഡുകള്‍ അടിയന്തരമായി നന്നാക്കാനും നടപടി തുടങ്ങി.

ഇടുക്കിയിലേക്കുള്ള നീരൊഴുക്ക് 120 ക്യൂമെക്‌സിലേക്കു കുറയുന്നതുവരെ ഷട്ടറുകള്‍ അടയ്ക്കില്ലെന്നാണ് റിപ്പോര്‍ട്ട്. വയനാട് ജില്ലയില്‍ ബാണാസുര സാഗര്‍, കാരാപ്പുഴ അണക്കെട്ടുകളില്‍ സംഭരണ ശേഷിയുടെ നൂറുശതമാനവും വെള്ളമുണ്ട്. പത്തനംതിട്ട ജില്ലയിലെ പമ്പ, കക്കി ഡാമുകളിലെ വെള്ളം കുട്ടനാട്ടില്‍ വീണ്ടും ജല നിരപ്പ് ഉയര്‍ന്നു. ഇതുവരെ സംസ്ഥാനത്ത് 31 പേരാണ് മഴക്കെടുതിയില്‍ മരിച്ചത്.

ദുരിതത്തിന്റെ വ്യാപ്തി നേരിട്ടറിയാന്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് കേരളത്തിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here