സി.പി.എമ്മില്‍ പൊട്ടിത്തെറി, പൊന്നാന്നിയില്‍ നൂറുകണക്കിനു പേര്‍ തെരുവില്‍, കുറ്റിയാടിയിലും പ്രതിഷേധം

പൊന്നാനി: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനെതിരെ സി.പി.എമ്മില്‍ പൊട്ടിത്തെറി. പൊന്നാനിയില്‍ നൂറു കണക്കിനു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഘടകക്ഷിക്കു സീറ്റു നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് കുറ്റിയാടിയില്‍ ഒരു വിഭാഗം പ്രതിഷേധിച്ചത്. എന്നാല്‍, പ്രതിഷേധത്തിലുള്ളവര്‍ പാര്‍ട്ടി അംഗങ്ങളല്ലെന്നും അത്തരത്തിലാരെങ്കിലും ഉണ്ടെങ്കിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് അവരെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കൊപ്പം അണിനിരത്തുമെന്ന് സി.പി.എം ജില്ലാ നേതൃത്വം പ്രതികരിച്ചു.

പാര്‍ട്ടി തീരുമാനിച്ച പി. നന്ദകുമാറിനെതിരെയാണ് പ്രതിഷേധം. ടി.എം. സിദ്ദീഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പോസ്റ്ററുകള്‍ ഉയര്‍ന്നതിനു പിന്നാലെയാണ് പരസ്യ പൊട്ടിത്തെറിയിലേക്ക് നൂറു കണക്കിനുപേര്‍ എത്തിയത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറു കണക്കിന് പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. പാര്‍ട്ടി കൊടികളും ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിഷേധക്കാര്‍ മുന്നേറിയത്.

നേതാക്കളെ പാര്‍ട്ടി തിരുത്തും പാര്‍ട്ടിയെ ജനം തിരുത്തുമെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രകടനം. പൊന്നാനി മുന്‍ ഏരിയാ സെക്രട്ടറിയും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടി.എം. സിദ്ദിഖ് മത്സരിക്കുമെന്ന ആദ്യ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീടാണ് സി.ഐ.ടി.യു. ദേശീയ സെക്രട്ടറി പി. നന്ദകുമാറിനെ സ്ഥാനാത്ഥിയാക്കാന്‍ ആലോചനയുണ്ടായത്. ഇതിനെതിരെ ജില്ലാ സെക്രട്ടേറിയറ്റില്‍ എതിരഭിപ്രായം ഉണ്ടായിരുന്നെങ്കിലും സംസ്ഥാന സമിതി തീരുമാനം അംഗീകരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here