നിര്‍മ്മാണ സാമഗ്രികളുടെ വില കുതിച്ചുയരുന്നു, പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയില്‍

0

കൊച്ചി: നിര്‍മാണ സാമഗ്രികള്‍ക്കു വില കുതിച്ചുയരുന്നു. സംസ്ഥാനത്തെ പ്രളയാനന്തര പുനര്‍നിര്‍മാണം അടക്കമുള്ളവ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. സിമന്റ്, കമ്പി, മെറ്റല്‍, കരിങ്കല്ല് തുടങ്ങിയവയുടെ വില പ്രളയശേഷം കുത്തനെ ഉയരുകയാണ്. ഇതോടെ കെട്ടിട നിര്‍മാണങ്ങളും ടാര്‍ വിലയിലുണ്ടായ വര്‍ധനയാല്‍ റോഡ് നിര്‍മാണങ്ങളും അവതാളത്തിലായി.

ഒരു ടണ്‍ ടാറിന് 45000 രൂപയാണ് ഇപ്പോഴത്തെ വില. പണം നല്‍കിയാലും ടാര്‍ ലഭ്യത കുറവാണ്. ഒരു കോടി രൂപ വരെയുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് സര്‍ക്കാര്‍ നേരിട്ട് ടാര്‍ വാങ്ങി നല്‍കണമെന്ന വ്യവസ്ഥയും പാലിക്കപ്പെടുന്നില്ല. ടാര്‍ വാങ്ങുമ്പോള്‍ കൊടുക്കേണ്ടിവരുന്ന നികുതി സര്‍ക്കാര്‍ തിരികെ നല്‍കുന്നില്ലെന്ന പരാതി കരാറുകാര്‍ക്കുണ്ട്. സിമന്റിന് 10 മുതല്‍ 20 രൂപ വരെയാണ് വര്‍ധിച്ചത്. രാംകോ -390, ശങ്കര്‍ -410, ഡാല്‍മിയ -430 എന്നിങ്ങനെയായി വില കൂടി. പത്ത് ദിവസം മുമ്പ് രാംകോ -370, ശങ്കര്‍ -370, ഡാല്‍മിയ -375 എന്നിങ്ങനെയായിരുന്നു വില. പ്രമുഖ കമ്പനികളുടെ ഇരുമ്പ് കമ്പിക്ക് ഒരാഴ്ചയ്ക്കിടെ മൂന്നു മുതല്‍ അഞ്ചുരൂപ വരെ കൂടി. ആറുമാസം മുമ്പ് ലോഡ് ഒന്നിന് ആറായിരം രൂപയായിരുന്ന പാറവില ഇപ്പോള്‍ 12,000 കടന്നു. പ്രളയശേഷം നിര്‍മാണ സാമഗ്രികള്‍ക്ക് ആവശ്യക്കാരേറിയതോടെ അന്യസംസ്ഥാന കമ്പനികള്‍ ആസൂത്രിതമായി വില വര്‍ധിപ്പിച്ചിരിക്കുകയാണെന്ന് ആക്ഷേപമുണ്ട്. കേരളത്തില്‍ നിര്‍മിക്കുന്ന മലബാര്‍ സിമന്റ്സ് കമ്പനിയുടെ ഉല്‍പാദനം കുറവാണ്. എട്ട് ശതമാനം മാത്രമാണ് മലബാര്‍ സിമന്റ്സിന്റെ വിപണി പങ്കാളിത്തം.

മെറ്റലിന്റേയും ടാറിന്റേയും വിലക്കയറ്റം ഗ്രാമീണ മേഖലകളിലെ റോഡു നിര്‍മാണങ്ങളെയും ശബരിമല തീര്‍ഥാടനത്തിനു മുന്നോടിയായി നടത്തേണ്ട ഒരുക്കങ്ങളെയും പ്രതികൂലമായി ബാധിക്കും. ഇതോടെ കുഴിയടയ്ക്കല്‍ മാത്രം നടത്തുകയാണ് ചെയ്യുന്നത്. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളില്‍ പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മാണത്തിനും വിലക്കയറ്റം തിരിച്ചടിയായി.

LEAVE A REPLY

Please enter your comment!
Please enter your name here