തിരുവനന്തപുരം: ഗുണ്ടാവിളയാട്ടങ്ങളിലുടെ ചര്‍ച്ചകളില്‍ നിറഞ്ഞ പോത്തന്‍കോട് പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്ന് മറ്റൊരു ദൃശ്യം കൂടി പുറത്തുവരുന്നു. യൂണിഫോമില്‍ പ്രതികളുടെ മദ്യസല്‍ക്കാരത്തില്‍ പങ്കെടുക്കുന്ന പോലീസ് ഉദ്യോഗസ്ഥന് ഈ മേഖലയില്‍ ഗുണ്ടകള്‍ നിയന്ത്രിക്കപ്പെടാത്തതിന്റെ കാരണങ്ങള്‍ കൂടിയാണ് വിളിച്ചു പറയുന്നത്.
ചിത്രം സോഷ്യല്‍ മീഡിയയില്‍ എത്തിയതിനു പിന്നാലെ സിവില്‍ പോലീസ് ഓഫീസര്‍ ജിഹാനെ സസ്പെന്‍ഡ് ചെയ്തു. കൊലക്കേസ് പ്രതികള്‍ക്കൊപ്പം യൂണിഫോമിലിരുന്നു മദ്യപിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ഗുണ്ടാനേതാവ് മെന്റല്‍ ദീപുവിനെ തലയ്ക്കടിച്ചു കൊന്ന കേസിലടക്കം പ്രതിയായ അയിരൂപ്പാറ കുട്ടന്റെ നേതൃത്വത്തിലായിരുന്നു മദ്യസല്‍ക്കാരം. ഈ കൃത്യം നടക്കുന്നതിനു മൂന്നു ദിവസം മുമ്പാണ് മദ്യസല്‍ക്കാരം അരങ്ങേറിയതെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
ചിത്രം റേഞ്ച് ഐ.ജി. നിശാന്തിനിക്കു ലഭിച്ചതോടെയാണ് അന്വേഷണത്തിനു അധികൃതര്‍ നിര്‍ബന്ധിതരായത്. ലോക്ഡൗണ്‍ സമയത്ത് അനധികൃത വിദേശമദ്യം തമിഴ്നാട്ടില്‍ നിന്നു കടത്തിയതിനു ഒത്താശ ചെയ്തുവെന്ന പരാതിയില്‍ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനാണ് ജിഹാന്.
സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥര്‍ മണല്‍ ഗുണ്ടാ സംഘങ്ങളുമായി നടത്തുന്ന ഇടപാടുകള്‍ സംബന്ധിച്ച് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ഉണ്ടായിട്ടും കാര്യമായ നടപടികള്‍ ഉണ്ടായിരുന്നില്ല.