കേരളത്തിൽ കോവിഡ് വാക്സിനേഷൻ മന്ദഗതിയില്‍; കേന്ദ്രത്തിന് അതൃപ്തി

ഡൽഹി: കേരളത്തിൽ കോവിഡ് വാക്സിനേഷൻ മന്ദഗതിയിലെന്ന് കേന്ദ്ര സർക്കാർ. അതൃപ്‍തി സംസ്ഥാന സർക്കാരിനെ അറിയിച്ചു. കേരളത്തിൽ ഇതുവരെ കുത്തിവെപ്പ് നൽകിയത് രജിസ്റ്റർ ചെയ്‍തവരിൽ 25 ശതമാനം പേർക്ക് മാത്രമാണ്. മറ്റ് സംസ്ഥാനങ്ങളിൽ ഇത് 70 ശതമാനത്തിന് മുകളിലാണ്.

അതേസമയം വാക്‌സിന്‍റെ സുരക്ഷ സംബന്ധിച്ച് ആരോഗ്യ പ്രവർത്തകർക്കിടയിലുള്ള ആശങ്കയാണ് വാക്സിനേഷനുള്ള തടസമെന്ന് സംസ്ഥാനം മറുപടി നൽകി. കേരളത്തിന് പുറമെ തമിഴ്നാട്ടിലും വാക്സിനേഷന്‍ മന്ദഗതിയിലാണെന്ന് കേന്ദ്രം അറിയിച്ചു. അതേസമയം ആന്ധ്ര പ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ 70 ശതമാനത്തിന് മുകളിലെത്തി. വാക്സിനേഷന്‍ സംബന്ധിച്ച റിവ്യു മീറ്റിങിലാണ് കേന്ദ്രം അതൃപ്തി അറിയിച്ചത്.

രാജ്യത്താകെ 3.81 ലക്ഷം പേരാണ് കോവിഡ് വാക്സിന്‍ സ്വീകരിച്ചത്. 580 പേര്‍ക്ക് ചില പാര്‍ശഫലങ്ങളുണ്ടായി. ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇപ്പോള്‍ വാക്സിന്‍ നല്‍കുന്നത്. പിന്നാലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്ക് നല്‍കും. 3 കോടി പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്സിനേഷന്‍. കോവാക്സിന്‍, കോവിഷീല്‍ഡ് എന്നീ വാക്സിനുകളാണ് രാജ്യത്ത് ഇപ്പോള്‍ നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here