കോട്ടയം: ലോക്ഡൗണിനിടെ, മിനിട്ടുകള്‍ കൊണ്ട് മൂവായിരത്തോളം ഭായിമാരാണ് ചങ്ങനാശ്ശേരി പായിപ്പാട്ട് നിരത്തിലെത്തിയത്. തൊഴിലാളികള്‍ സ്വയം അണിചേര്‍ന്നതല്ല, മറിച്ച് സംഘടിപ്പിച്ചതാണെന്ന നിഗമനത്തിലാണ് പോലീസ്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയ പോലീസ് ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പശ്ചിമ ബംഗാള്‍ സ്വദേശിയാണ് ഇയാള്‍. അനധികൃതമായി സംഘം ചേര്‍ന്നതിന് രണ്ടായിരത്തോളം പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ക്യാമ്പുകളില്‍ നടത്തിയ റെയ്ഡില്‍ 21 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ലോക്ഡൗണ്‍ കാരണമാക്കി ദേശവ്യാപക തൊഴിലാളി പ്രതിഷേധം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു പ്രതിഷേധമെന്നാണ് റിപ്പോര്‍ട്ട്. എറണാകുളം റേഞ്ച് ഐ.ജി. മഹേഷ് കുമാര്‍ കാളിരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. മൂന്നു ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം രാത്രി തന്നെ ക്യാമ്പുകളില്‍ പരിശോധന നടത്തി. കൃത്യമായ ആസൂത്രണമില്ലാതെ 20 മിനിട്ടിനുള്ളില്‍ 3000 ല്‍ ഏറെ തൊഴിലാളികളുടെ ഒത്തുകൂടലുണ്ടാകില്ലെന്നാണ് പോലീസ് നിഗമനം.

പ്രതിഷേധത്തിനു മുമ്പ് ഏതാനും ഓഡിയോ വീഡിയോ ക്ലിപ്പുകള്‍ തൊഴിലാളികളുടെ ഇടയില്‍ പ്രചരിച്ചു. ഡല്‍ഹിയില്‍ തൊഴിലാളികള്‍ക്ക് നാട്ടിലേക്കുപോകാന്‍ വാഹനങ്ങള്‍ ഒരുക്കി നല്‍കിയതടക്കമാണ് പ്രചരിച്ചത്. തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകളുടെ പങ്ക് പോലീസ് സംശയിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here