കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വാര്‍ഡില്‍ നിന്നും നവജാത ശിശുവിനെ നഴ്സു ചമഞ്ഞ് കടത്തിക്കൊണ്ടുപോയി. സംഭവം പുറത്തറിഞ്ഞ് ഒരുമണിക്കൂറിനകം കുഞ്ഞിനെ ആശുപത്രിക്ക് സമീപമുള്ള ഹോട്ടലിന് സമീപത്തുനിന്നും പോലീസ് കണ്ടെത്തി തിരികെയെത്തിച്ചു.
വ്യാഴാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് ആശുപത്രി ജീവനക്കാരിയുടെ വേഷത്തിലെത്തി സ്ത്രീ കുഞ്ഞുമായി പുറത്തേക്കുപോയത്. കുഞ്ഞിനു ചില പ്രശ്നങ്ങളുണ്ടെന്നും ഡോക്ടറെ കാണിക്കണമെന്നും ആവശ്യപ്പെട്ടാണ് കുഞ്ഞിനെ അമ്മയില്‍ നിന്നും വാങ്ങിയത്. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തിക്കാതായതോടെയാണ്, അമ്മ നഴ്സിംഗ് സ്റ്റേഷനിലെത്തി തിരക്കിയത്. തങ്ങള്‍ വാങ്ങിയിട്ടില്ലെന്ന് നഴ്സുമാര്‍ വ്യക്തമാക്കിയതോടെ ബഹളമായി. സംഭവമറിഞ്ഞെത്തിയ പോലീസ് ആശുപത്രി പരിസരത്തും മറ്റും അന്വേഷണം തുടങ്ങി. ആശുപത്രിയിലുണ്ടായിരുന്നവരും ജീവനക്കാരും പരിശോധനയ്ക്കിറങ്ങി. ഇതിനുപിന്നാലെയാണ് ആശുപത്രിക്ക് സമീപത്തുള്ള ഹോട്ടലിന് മുന്നില്‍നിന്ന് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ പോലീസ് കുട്ടിയെ തിരികെ ആശുപത്രിയിലേക്കു മാറ്റി.
ഇളം റോസ് നിറത്തിലുള്ള ചുരിദാര്‍ ധരിച്ച സ്ത്രീ കുട്ടിയേയും എടുത്ത് ആശുപത്രിക്ക് പുറത്തേക്ക് പോകുന്ന ദൃശ്യങ്ങള്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് നല്കുന്ന വിവരം. ഈ സ്ത്രീം ഇതിനുമുമ്പും വേഷംമാറി ആശുപത്രി പരിസരത്ത് വന്നിട്ടുണ്ടെന്ന് ആശുപത്രി അധികൃതരും സമീപമുള്ള ദൃക്സാക്ഷികളും പറഞ്ഞു. അതേസമയം ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.