അപകടം ചോദ്യം ചെയ്ത യുവാവിന് പോലീസ് വക ക്രൂരമര്‍ദ്ദനം

0

ആലുവ: പോലീസുകാര്‍ സഞ്ചരിച്ച കാര്‍ ഇടിച്ചതു ചോദ്യം ചെയ്ത യുവാവിനെ ഗുണ്ടാസ്‌റ്റൈലില്‍ വണ്ടിയില്‍ കയറ്റിക്കൊണ്ടുപോയി. പോലീസ് സ്‌റ്റേഷനില്‍ പരാതി പറയാനെത്തിയപ്പോള്‍, ‘തട്ടിക്കൊണ്ടുപോയ’ വണ്ടിയിലുണ്ടായിരുന്നത് പോലീസുകാരാണു തിരിച്ചറിഞ്ഞ നാട്ടുകാര്‍ സ്‌റ്റേഷന്‍ ഉപരോധിച്ചു.
കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാനെ പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇന്നലെ എടത്തല ഗവണ്‍മെന്റ് സ്‌കൂള്‍ ഗേറ്റിനു മുന്നില്‍ വെച്ച് ഉസ്മാന്‍ സഞ്ചരിച്ച കാറില്‍ പോലീസുകാരുടെ കാര്‍ ഇടിക്കുകയായിരുന്നു. മഫ്തിയിലായിരുന്നതിനാല്‍ പോലീസുകാരുടെ കാറാണെന്ന് ഉസ്മാന് മനസ്സിലായില്ല. വാക് തര്‍ക്കം രൂക്ഷമായപ്പോള്‍ കാറിലുണ്ടായിരുന്നവര്‍ ഉസ്മാനെ മര്‍ദിച്ചശേഷം കാറില്‍ കയറ്റിക്കൊണ്ടു പോയി. കാറിലും സ്റ്റേഷനിലെത്തിച്ച് അവിടെ വെച്ചും മര്‍ദിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു.

പ്രതിഷേധം ശക്തമായതോടെ ആലുവ ഡിവൈ.എസ്.പി. കെ.ബി. പ്രഫുല്ലചന്ദ്രന്‍ എടത്തല സ്റ്റേഷനിലെത്തി. പോലീസ് സ്റ്റേഷനില്‍ വലിയ വാക്കുതര്‍ക്കം ഉണ്ടായി. പിന്നീട് പോലീസ് ജീപ്പില്‍ ഉസ്മാനെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡോക്ടറെ കാണിച്ചശേഷം തിരികെ കൊണ്ടു പോകാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും നാട്ടുകാരും പോലീസുമായി ഉന്തും തള്ളുമുണ്ടായി. ഇതോടെ ഉസ്മാനെ ആശുപത്രിയില്‍ കിടത്തി ചികിത്സിക്കാന്‍ തീരുമാനിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഡിവൈ.എസ്.പി. പറഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here