കേരള മുഖ്യമന്ത്രി കിം ജോങ് ഉന്നിനെ പോലെ ഏകാധിപതി’: ഗിരിരാജ് സിങ്

കണ്ണൂർ: കേരള മുഖ്യമന്ത്രി പിണറായി വിജയൻ കിം ജോങ് ഉന്നിനെ പോലെ ഏകാധിപതിയാണെന്ന് മുതിർന്ന ബി ജെ പി നേതാവും കേന്ദ്ര ഫിഷറീസ് മന്ത്രിയുമായ ഗിരിരാജ് സിംഗ്. കേരളത്തിൽ തൊഴിലിലായ്മ രൂക്ഷമാണ്. സംസ്ഥാനത്ത് ആളുകൾക്ക് തൊഴിൽ നൽകുന്നത് തീവ്രവാദ സംഘടനയായ ഐ എസ് ആണ്. ഇ ശ്രീധരന്റെ നേതൃത്വത്തിൽ മോദിയുടെ ദർശനങ്ങളാണ് കേരളത്തിൽ നടപ്പിലാക്കേണ്ടത്. കേരളത്തിൽ എൽ ഡി എഫും യു ഡി എഫും രണ്ടു തരം പാമ്പുകളാണെന്നും ജനങ്ങൾക്ക് ആവശ്യം വികസനമാണെന്നും ഗിരിരാജ് സിങ് കണ്ണൂരിൽ പറഞ്ഞു. കണ്ണൂരിൽ തെരഞ്ഞെടുപ്പ് ക്രമക്കേടിന് സാധ്യത ഉള്ളതിനാൽ പ്രത്യേക നിരീക്ഷകരെയും കേന്ദ്ര സേനയെയും നിയമിക്കണം എന്നും ഗിരിരാജ് സിങ് പറഞ്ഞു.

നേരത്തെ തിരുവനന്തപുരത്തും കൊല്ലത്തും സംസാരിക്കവെ കേരളത്തിലെ ഇടതുപക്ഷ സർക്കാർ ജനകീയ സർക്കാർ അല്ലെന്നും ഒരു കമ്മീഷൻ സർക്കാർ ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കമ്മീഷൻ കൊടുക്കാതെ സംസ്ഥാനത്തെ ഒരു പ്രൊജക്ടും വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വെസ്റ്റ് ബംഗാളിൽ പണം വെട്ടി കുറയ്ക്കുകയാണെങ്കിൽ കേരളത്തിൽ അത് കമ്മീഷൻ ആണെന്നും ഗിരിരാജ് സിങ് പറഞ്ഞു. കേരളത്തിൽ കമ്മീഷൻ കൊടുക്കാതെ ഒരു പ്രൊജക്ടും വിജയകരമാകില്ല. കേരളത്തിലെ സർക്കാർ ഒരു ജനകീയ സർക്കാർ അല്ലെന്നും കമ്മീഷൻ സർക്കാർ ആണെന്നും ഗിരിരാജ് സിങ് പറഞ്ഞു.

കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് മൂന്നു ലക്ഷം കോടിയാണ് കേരള സർക്കാർ ഉണ്ടാക്കിയ കടം. സംസ്ഥാനത്ത് ജനിച്ചു വീഴുന്ന ഓരോ കുഞ്ഞും കടത്തിലേക്കാണ് വീഴുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പിണറായി വിജയൻ സർക്കാരിനെ വിമർശിക്കവേ പിണറായി സർക്കാർ ലവ് ജിഹാദ്, പ്രീണിപ്പിക്കൽ എന്നിവയുടെ പിന്നാലെയാണെന്നും അദ്ദേഹം പറഞ്ഞു. കയർ മേഖലയെക്കുറിച്ച് ‌സംസാരിക്കവെ കേരളത്തിലെ കയർ വ്യവസായം എന്തുകൊണ്ടാണ് കർണാടകയിലേക്കും തമിഴ് നാട്ടിലേക്കും ആന്ധ്രാപ്രദേശിലേക്കും മാറ്റുന്നതെന്ന് ചോദിച്ചു.

സംസ്ഥാനത്ത് തൊഴിലില്ലായ്മ വർദ്ധിക്കുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തു. സാക്ഷരതയുടെ കാര്യത്തിൽ കേരളം ഒന്നാമതാണെന്നും അതു പോലെ തന്നെ തൊഴിലില്ലായ്മയുടെ കാര്യത്തിലും കേരളം ഒന്നാമതാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സംസാരിക്കവെയാണ് ഗിരിരാജ് സിങ് ഇങ്ങനെ പറഞ്ഞത്. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായാണ് അദ്ദേഹം കേരളത്തിൽ എത്തിയത്.

ഏപ്രിൽ ആറിനാണ് കേരളത്തിൽ സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ.

കൊല്ലം ചവറയിൽ ബി ജെ പി സ്ഥാനാർഥി വിവേക് ഗോപന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായും ഗിരിരാജ് സിങ് എത്തിയിരുന്നു. 967 കോടിയുടെ വികസനമാണ് കേന്ദ്ര സർക്കാർ കേരളത്തിൽ നടപ്പാക്കാൻ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബോട്ട് ജെട്ടികളും ഹാർബറുകളും നവീകരിക്കുന്നതിന് കോടിക്കണക്കിന് രൂപയാണ് കേന്ദ്രം കേരളത്തിന് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, ഇത് കേരള സർക്കാ‌ർ സ്വന്തം പേരിലാക്കി പരസ്യം നൽകി കേന്ദ്രത്തെപ്പോലും അറിയിക്കാതെ ഉദ്ഘാടനം ചെയ്യുകയാണ് ചെയ്തത്. ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് കേരള സർക്കാർ ഉണ്ടാക്കിയ കരാർ നിയമസാധുത ഇല്ലാത്തതാണ്. മത്സ്യബന്ധന മേഖലയ്ക്ക് ദോഷം വരുന്ന ഒരു നടപടിയും കേന്ദ്രസർക്കാർ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here