ഷാരോണിനെ വിഷം നൽകി കൊന്നത്, കുറ്റം സമ്മതിച്ച് ഗ്രീഷ്മ

തിരുവനന്തപുരം | പെൺ സുഹൃത്തിൻ്റെ വീട്ടിലെത്തി മടങ്ങിയ ശേഷം ദുരൂഹ സാഹചര്യത്തിൽ മരിച്ച ബിഎസ്‍സി വിദ്യാർത്ഥി ഷാരോൺ രാജിന്റേത് കൊലപാതകം. ഷാരോണിനു കഷായത്തിൽ തുരിശു കലർത്തി നൽകിയെന്ന് വനിതാ സൃഹൃത്ത് ഗ്രീഷ്മ അന്വേഷണ സംഘത്തിനു മുന്നിൽ കുറ്റസമ്മതം നടത്തി. ഗ്രീഷ്മയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

പാറശാല പോലീസിൽനിന്ന് ഇന്നലെ അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് ‌പെൺകുട്ടിയെ ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തിയിരുന്നു. കോപ്പർസൾഫേറ്റിന്റെ അംശം മൃതദേഹത്തിന്റെ ശരീരത്തിൽ ഉണ്ടായിരുന്നുവെന്ന ഡോക്ടറുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ചോദ്യം ചെയ്യൽ.

ഏട്ടു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കാര്യങ്ങളിൽ വ്യക്തത വന്നത്. പോലീസിന്റെ ചോദ്യംചെയ്യലില്‍ അധികസമയം ഗ്രീഷ്മയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. തുടര്‍ന്ന് ഓരോകാര്യങ്ങളും പെണ്‍കുട്ടി പോലീസ് സംഘത്തോട് തുറന്നുപറയുകയായിരുന്നു. സംഭവത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് മാധ്യമങ്ങളെ കാണും.ഷാരോണിനു നൽകിയ കഷായത്തിൽ വിഷപദാർഥം കലർത്തിയെന്നാണ് ഗ്രീഷ്മയുടെ മൊഴി. ഷാരോണിനെ ഒഴിവാക്കാനായിരുന്നു കൊലപാതകമെന്നാണ് ഇവർ പോലീസിനോടു പറഞ്ഞത്.

വനിതാ സുഹൃത്തിന്റെ വീട്ടിൽനിന്ന് കഷായവും ജൂസും കഴിച്ചതിനു പിന്നാലെയാണ് ഷാരോൺ ഛർദ്ദിച്ച് അവശനായതും തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 25 നു മരിക്കുന്നതും. റൂറൽ എസ്പി ഡി.ശിൽപയുടെ നേതൃത്വത്തിലാണ് വനിതാ സുഹൃത്തിനെ ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ജെ.ജോൺസണാണ് അന്വേഷണ ഉദ്യോഗസ്ഥൻ.

ഷാരോണിന്റെ മാതാപിതാക്കളുടെ ആരോപണങ്ങളടക്കം വിശദമായ ചോദ്യാവലിയാണ് വനിതാ സുഹൃത്തിനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തയാറാക്കിയത്. മറ്റൊരു വിവാഹം തീരുമാനിച്ച ശേഷവും എന്തിനു ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി? ഷാരോണിനു ശീതള പാനീയമടക്കം എന്തെല്ലാം നൽകി? കഷായം നൽകാനുണ്ടായ സാഹചര്യം? ഈ സമയം വീട്ടിൽ ആരെല്ലാം ഉണ്ടായിരുന്നു? തുടങ്ങിയ ചോദ്യങ്ങൾക്കാണ് അന്വേഷണ സംഘം ഉത്തരം കണ്ടെത്താൻ ശ്രമിച്ചത്.

Parassala Sharon Raj confirms murdered

LEAVE A REPLY

Please enter your comment!
Please enter your name here