കോട്ടയം: കേരളാ കോണ്‍ഗ്രസിലെ അതികായന്‍, പാലാക്കാരുടെ മാണിസാറിന്റെ പകരക്കാരന്‍ ആര്. പ്രചാരണത്തിന് ഒരു മാസം പോലും തികച്ചില്ലാതെ എത്തുന്ന പാലാ ഉപതെരഞ്ഞെടുപ്പില്‍ ഏവരും ഉറ്റുനോക്കുന്നത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആരെന്നാണ്.

ജോസഫ്, ജോസ് കെ. മാണി വിഭാഗങ്ങള്‍ പോരാടുന്നതിനിടെയാണ് കേരളാ കോണ്‍ഗ്രസ് തട്ടകത്തില്‍ ഉപതെരഞ്ഞെടുപ്പ് എത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ, പാര്‍ട്ടി രൂപീകരിച്ച കാലം മുതല്‍ മാണിക്കൊപ്പം നിന്ന പാലാ രണ്ടു കൂട്ടര്‍ക്കും പ്രസ്റ്റീജാണ്. ഇരുകൂട്ടരെയും മെരുക്കി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക യു.ഡി.എഫിന്റെ ആദ്യ കടമ്പ. കാലുവാരലുകള്‍ ഒഴിവാക്കി വിജയിക്കുക വെല്ലുവിളിയും. കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച യു.ഡി.എഫ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തും.

ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി യു.ഡി.എഫ് ആരെ നിര്‍ത്തിയാലും പിന്തുണയ്ക്കുമെന്നും ചിഹ്നം അനുവദിക്കുമെന്നും ജോസഫ് വിഭാഗം നേരത്തെ നിലപാട് സ്വീകരിച്ചത്. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞതോടെ സ്വയം കടുപ്പിക്കുകയാണ് ജോസഫ്. വിജയ സാധ്യത മുന്‍നിര്‍ത്തി രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് ഇപ്പോള്‍ ജോസഫിന്റെ നിലപാട്. എന്നിരിന്നാലും മണ്ഡലം പാലാ ആയതിനാലും മാണി സാറിന്റെ തട്ടകമായിരുന്നതിനാലും ജോസ് വിഭാഗം നിര്‍ദേശിക്കുന്ന സ്ഥാനാര്‍ത്ഥിയാകും മത്സരിക്കുക.

ജോസ് കെ. മാണിയുടെ ഭാര്യ നിഷയുടെ പേരാണ് കൂടുതലായി ഉയര്‍ന്നു കേള്‍ക്കുന്നത്. ജോസ് കെ. മാണി തന്നെ മത്സരിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവയ്ക്കുന്ന നേതാക്കളുമുണ്ട്. കഴിഞ്ഞ കുറേ നാളുകളായി പാലായില്‍ നിഷ സജീവമാണ്. ഏതു തെരഞ്ഞെടുപ്പ് വരുമ്പോഴും പേര ഉയര്‍ന്നുകേള്‍ക്കുന്ന പതിവുണ്ടെന്നാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് നിഷ പ്രതികരിച്ചത്. എന്നാല്‍ ഇക്കുറി അങ്ങനെയാകില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍. മുതിര്‍ന്ന നേതാവ് ഇ. ജെ. അഗസ്തിയുടെ പേരും ഉയരുന്നുണ്ട്. ഇതുസംബന്ധിച്ച രഹസ്യ ചര്‍ച്ചകള്‍ പരസ്യപ്പെടുത്താന്‍ ജോസ് ക്യാമ്പ് ഇതുവരെയും തയാറായിട്ടില്ല.

ഇടതു മുന്നിയും സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ല. സീറ്റ് എന്‍.സി.പിക്കായിരിക്കുമെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന. 28ലെ ഇടതു മുന്നണി യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. എന്‍.സി.പി. ദേശീയ നേതാവ് പ്രഫുല്‍ പട്ടേലിനെ മാണി സി. കാപ്പന്‍, തോമസ് ചാണ്ടി എന്നിവര്‍ നേരില്‍ കണ്ടിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ അടക്കമുള്ളവര്‍ പാലായില്‍ കഴിഞ്ഞ ദിവസങ്ങളില്‍ എത്തി തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യുകയും ചെയ്തിരുന്നു.

ബി.ജെ.പി ക്യാമ്പിലും ഒരുക്കങ്ങള്‍ സജീവമാണ്. സംസ്ഥാന സെക്രട്ടറി ജെ.ആര്‍. പത്മകുമാറിനാണ് കോട്ടയം ജില്ലയുടെ ചുമതല. ജില്ലാ പ്രസിഡന്റ് എന്‍. ഹരി ഉള്‍പ്പെടെയുള്ള ജില്ലയിലെ നേതാക്കളുടെ പേരുകളാണ് പരിഗണിനയില്‍. പി.സി. തോമസും മത്സരിക്കാനുള്ള സന്നദ്ധത മുന്നണി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here