പാടം വാങ്ങിയത് 2008നു ശേഷമെങ്കില്‍ അവിടെ വീടു നിര്‍മ്മിക്കാനാവില്ല, നെല്‍വയലുകള്‍ തരം മാറ്റുന്നതിനെതിരെ ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് 2008 നുശേഷം സ്വന്തമാക്കിയ നെല്‍വയലുകളുകള്‍ നികത്തി വീടു നിര്‍മ്മിക്കാനാവില്ല. വയലിന്റെ ഒരു ഭാഗം വാങ്ങി വീടു നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ ബെഞ്ചുകള്‍ വ്യത്യസ്ത വിധികള്‍ പുറപ്പെടുവിച്ച പശ്ചാത്തലിത്താണ് ഹൈക്കോടതി ഫുള്‍ബെഞ്ച് വിഷയം പരിഗണിച്ചത്.

2008ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വന്നശേഷം ഒരു തുണ്ടു നെല്‍പ്പാടം വാങ്ങിയ ഒരാള്‍ക്ക് അവിടെ വാസയോഗ്യമായ കെട്ടിടം നിര്‍മ്മിക്കാന്‍ അര്‍ഹതയില്ലെന്ന്് ഹൈക്കോടതി ഫുള്‍ ബെഞ്ച് വ്യക്തമാക്കി. നിയമം നടപ്പാക്കിയശേഷം നെല്‍വയല്‍ വാങ്ങിയ ഒരാള്‍ക്ക് സെക്ഷന്‍ 5(3)(ഐ) പ്രകാരവും സെക്ഷന്‍ ഒമ്പതു പ്രകാരവും അവിടെ വീടു നിര്‍മ്മിക്കാന്‍ അവകാശമുണ്ടോയെന്നാണ് ഫുള്‍ ബെഞ്ച് പരിശോധിച്ചത്.

നിയമം 2008 ഓഗസ്റ്റ് 12നു നിലവില്‍ വന്നശേഷം, ഏതെങ്കിലും നെല്‍പാടത്തിന്റെ ഉടമയ്‌ക്കോ, കൈവശക്കാരനോ, കസ്റ്റഡിയിലുള്ള വ്യക്തിക്കോ നിയമമനുസരിച്ചല്ലാതെ അതിന്റെ പരിവര്‍ത്തനത്തിനോ നികത്തലിനോ വേണ്ടിയുള്ള ഒരു പ്രവര്‍ത്തനവും ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സെക്ഷന്‍ മൂന്നിനെ വിശകലനം ചെയ്തുകൊണ്ട് കോടതി വ്യക്തമാക്കി. സെക്ഷന്‍ അഞ്ചിന്റെ ഉപവകുപ്പ് മൂന്നു പ്രകാരം നെല്‍വയലിന്റെ രൂപമാറ്റം അതിന്റെ ഉടമയ്ക്കു താമസ ആവശ്യത്തിനുള്ള വീടു നിര്‍ത്തിക്കുന്നതിനു മാത്രമാണ്. ഭൂമി വാങ്ങുന്ന ആളിന്റെ ആവശ്യം സെക്ഷന്‍ 5(3) പ്രകാരം അംഗീകരിച്ചാല്‍, സെക്ഷന്‍ മൂന്നിലുടെ നിലനില്‍ക്കുന്ന നിരോധനത്തിന്റെ അവഹേളനമാകുമെന്നും കോടതി വ്യക്തമാക്കി.

നെല്ലുല്‍പാദനത്തില്‍ കേരളം ഒരിക്കല്‍ സ്വയം പര്യാപ്തമായിരുന്നുവെന്ന് ഫുള്‍ബെഞ്ച് വിലയിരുത്തി. 1970-ല്‍ എട്ടു ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ കേരളത്തില്‍ നെല്‍കൃഷിയുണ്ടായിരുന്നു. നെല്‍വയല്‍ തരം മാറ്റിയതുകാരണം 2000 ആയപ്പോഴേക്കും രണ്ടുലക്ഷമായി. ഇപ്പോള്‍ ആവശ്യത്തിന്റെ 80 ശതമാനം അരി ഇറക്കുമതി ചെയ്യുന്നു. ഭക്ഷ്യവിളകളില്‍നിന്ന് നാണ്യവിളകളിലേക്കുള്ള മാറ്റവും ഇതിനു കാരണമായി.

കൃഷിഭൂമിയോട് ചേര്‍ന്നു കര്‍ഷകന് ആവശ്യമെങ്കില്‍ വീടു നിര്‍മ്മിക്കുന്നതിനാണ് നിയമത്തില്‍ ഇളവുകള്‍ ഉള്‍പ്പെടുത്തപ്പെട്ടതെന്ന സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണത്തോട് ഫുള്‍ ബെഞ്ച് യോജിക്കുകയും ചെയ്തു. എന്നാല്‍, ഒരു തുണ്ടു ഭൂമി വാങ്ങുന്ന ആളിനു നികത്താന്‍ അനുമതി നല്‍കുന്നത് വന്‍തോതിലുള്ള ദുരുപയോഗത്തിനു ഇടയാക്കും. ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടിരിക്കുന്ന പാടങ്ങള്‍ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിയമം കൊണ്ടുവന്നത്. അതിനാല്‍ ഇളവ് അനുവദിക്കാനാകില്ല. ചെറിയഭാഗം വാങ്ങിയവര്‍ക്ക് വീട് നിര്‍മിക്കാന്‍ നികത്താന്‍ അനുമതി നല്‍കാമെന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവ് നിയമപരമായി തെറ്റാണെന്നും ഫുള്‍ബെഞ്ച് വ്യക്തമാക്കി.

നിയമം നിലവില്‍ വരുന്നതിനു മുമ്പ് പൈതൃക സ്വത്ത് ഇഷ്ടദാനമായി കിട്ടിയ ഒരു ഹര്‍ജിക്കാരന്റെ കാര്യത്തില്‍ മാത്രം അപേക്ഷ നിയമപരമായി പരിഗണിക്കാന്‍ കോടതി നിര്‍ദേശിച്ചു. 2008 നു മുന്‍പേ പാടത്തിന്റെ ഉടമസ്ഥനാണെങ്കില്‍ മറ്റു ഭൂമി ഇല്ലെങ്കില്‍ വീട് നിര്‍മിക്കാന്‍ പാടം നികത്താന്‍ അനുമതി നല്‍കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. പഞ്ചായത്ത് പരിധിയില്‍ 4.4 ആറും (ഒരു ആര്‍= 2.47 സെന്റ്). മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പരിധിയില്‍ 2.02 ആറുമാണ് ഇത്തരത്തില്‍ നികത്താന്‍ അനുവദിക്കുക.

The full bench of the High Court clearly said that a person who purchased paddy land after the Kerala Conservation of Paddy Land and Wetland Act, 2008, came into effect is not entitled to reclaim it for construction of a residential building.

LEAVE A REPLY

Please enter your comment!
Please enter your name here