കലാപങ്ങള്‍ക്ക് കാരണം സര്‍ക്കാര്‍, നവോത്ഥാനത്തിന്റെ പേരില്‍ നിരീശ്വരവാദം നടപ്പാക്കാനുള്ള ആസുത്രിത നീക്കമെന്ന് എന്‍.എസ്.എസ്

0

ചങ്ങനാശ്ശേരി: സംസ്ഥാനത്തെ അക്രമ സംഭവങ്ങളില്‍ സര്‍ക്കാരിനെ പ്രതിസ്ഥാനത്തു നിര്‍ത്തിയും രൂക്ഷമായി വിമര്‍ശിച്ചും എന്‍.എസ്.എസ്. രംഗത്ത്. സംസ്ഥാനത്തു നടന്ന അക്രമങ്ങള്‍ക്കും കലാപങ്ങള്‍ക്കും മുഴുവന്‍ കാരണം സര്‍ക്കാരാണെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി. നവോത്ഥാനത്തിന്റെ പേരില്‍ നിരീശ്വരവാദം നടപ്പാക്കാനുള്ള ആസുത്രിത നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്.

സുപ്രീം കോടതി വിധിയുടെ മറവില്‍ നവോത്ഥാനത്തിന്റെ പേരില്‍ യുവതീപ്രവേശനത്തിലൂടെ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കി. ജനങ്ങള്‍ നല്‍കിയ അധികാരം കൈയില്‍ വച്ചുകൊണ്ട് ഏത് ഹീനമാര്‍ഗവും ഉപയോഗിച്ച് പാര്‍ട്ടിയുടെ നയം നടപ്പാക്കുകയെന്നതാണ് ഇതിന്റെ പിന്നിലെ ലക്ഷ്യമെന്ന് സംശയിക്കുന്നതില്‍ തെറ്റ് പറയാനാകില്ലെന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.

ഇതിന്റെ പേരില്‍ നടക്കുന്ന കലാപങ്ങള്‍ക്കെല്ലാം കാരണക്കാര്‍ സംസ്ഥാന സര്‍ക്കാരാണെന്നാണ് ജനം വിധിയെഴുതുന്നത്. ആദ്യം മുതല്‍ തന്നെ സമാധാനപരമായി പരിഹരിക്കാവുന്ന ഒരു പ്രശ്‌നം ഇത്രം സങ്കീര്‍ണമാക്കിയത് സര്‍ക്കാരാണ്. അനാവശ്യമായ നിരോധനാജ്ഞ നടപ്പാക്കുക, നിരപരാധികളായ ഭക്തജനങ്ങളെ കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കുക, നാട്ടില്‍ മുഴുവന്‍ അരാജകത്വം സൃഷ്ടിക്കുക, ഏത് കള്ളവും മാറി മാറി പറഞ്ഞ് തങ്ങളുടെ ലക്ഷ്യം സാധൂകരിക്കാന്‍ ശ്രമിക്കുക, ഹൈന്ദവ ആചാര്യന്മാരെ നികൃഷ്ടമായി അധിക്ഷേപിക്കുക, വിശ്വാസികളെ വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്യുക… ഇതെല്ലാമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു.

നിലവിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിച്ച് ഈശ്വര വിശ്വാസം സംരക്ഷിക്കേണ്ടത് ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ ആവശ്യമാണ്. അത് സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. സര്‍ക്കാര്‍ അത് നിറവേറ്റിയില്ലെങ്കില്‍ വിശ്വാസികള്‍ അതിനായി രംഗത്തിറങ്ങുന്നത് തെറ്റാണെന്ന് പറയാനാകുമോയെന്നും അദ്ദേഹം ചോദിച്ചു. അതിനെ രാഷ്ട്രീയ നിറം നല്‍കി പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here