ഉപ്പും മുളകും: പ്രധാന നടിയെ മാറ്റി നിര്‍ത്തി, സംവിധായകനെതിരെ ഗുരുതര ആരോപണവുമായി നിഷ

0

സംവിധായകനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയ മിനിസ്‌ക്രീന്‍ താരം നിഷ സാരംഗിന് പിന്തുണയുമായി ചലച്ചിത്ര മേഖലയിലെ സംഘടനകള്‍. ഫഌവേഴ്‌സിലെ ഉപ്പും മുളകും സീരിയലിലെ പ്രധാന താരമായ നിഷ സീരിയല്‍ സംവിധായകന്‍ ആര്‍. ഉണ്ണികൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായിട്ടാണ് രംഗത്തെത്തിയത്.

പലപ്പോഴായി മോശമായി പെരുമാറിയ തന്നോട് സംവിധായകന്‍ പക വച്ച് പെരുമാറുന്നുവെന്നാണ് നിഷ പറയുന്നത്. സംവിധായകന്‍ തുടരുന്നിടത്തോളം സീരിയലിലേക്കില്ലെന്നും നിഷ വ്യക്തമാക്കുന്നു. വളരെ മോശമായിട്ടാണ് ഉണ്ണികൃഷ്ണന്‍ പൊരുമാറിയിട്ടുള്ളത്. അതിനെ ഭയങ്കരമായി എതിര്‍ത്തിട്ടുണ്ട്. എന്നാല്‍ എത്ര ആട്ടി ഓടിച്ചാലും പിന്നേം തോണ്ടാ്വന്‍ വരും. മോശമായ വാക്കുകള്‍ ഉപയോഗിക്കും. മൊബൈലിലേക്ക് മെസേജുകള്‍ ഒക്കെ അയക്കും. സഹതാരമായ ബിജു സോപാനം പല തവണ സംവിധായകനോട് ചോദിച്ചിട്ടും കാര്യമുണ്ടായിട്ടില്ല. ചാനല്‍ എം.ഡി. ശ്രീകണ്ഠന്‍ നായര്‍ വാണിംഗ് നല്‍കിയതോടെ ദേഷ്യമായി. കരഞ്ഞുകൊണ്ടാണ് താന്‍ സെറ്റില്‍ നിന്ന് മിക്ക ദിവസവും പോകാറുള്ളതെന്നും നിഷ വെളിപ്പെടുത്തി.

ചാനല്‍ ഡയറക്ടറുടെ അടക്കം രേഖാമൂലമുള്ള അനുവാദത്തോടെയാണ് വിദേശത്തേക്ക് പോയത്. എന്നാല്‍, സംവിധായകനെ അനുസരിക്കാതെ അമേരിക്കയിലേക്കുപോയതുകൊണ്ടാണ് മാറ്റി നിര്‍ത്തിയിരിക്കുന്നതെന്നാണ് തന്റെ അറിവെന്ന് നിഷ വ്യക്തമാക്കി.

നടിക്ക് അമ്മ പിന്തുണ വാഗ്ദാനം ചെയ്തുവെന്നും നടന്‍ മമ്മൂട്ടി നിഷയോട് ഫോണില്‍ സംസാരിച്ചുവെന്നും നടി മാല പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു. നിഷയ്ക്ക് പിന്തുണയുമായി സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മ വിമല്‍ ഇന്‍ സിനിമാ കലക്ടീവും രംഗത്തെത്തി.

നിഷ സാരംഗ് ‘നീലു’വായി ഉപ്പും മുളകില്‍ തുടരും; പ്രചരണങ്ങള്‍ സത്യമല്ല

സീരിയലില്‍ നിന്ന് നിഷയെ മാറ്റിയെന്ന വാര്‍ത്ത നിഷേധിച്ച് പിന്നീട് ഫഌവേഴ്‌സ് ചാനല്‍ രംഗത്തെത്തി. എന്നാല്‍ സംവിധായകനെതിരായ ആരോപണങ്ങളില്‍ ചാനല്‍ മൗനം പാലിച്ചു.

അറുന്നൂറ്റി അമ്പതോളം എപ്പിസോഡുകള്‍ പിന്നിട്ട ഉപ്പും മുളകും പരമ്പരയിലെ ‘നീലു’വെന്ന കഥാപാത്രത്തെ നിഷ സാരംഗ് തന്നെ തുടര്‍ന്നും അവതരിപ്പിക്കും. ഇത് സംബന്ധിച്ച് ഉയര്‍ന്നുവന്ന പരാതികള്‍ ചാനല്‍ മാനേജ്‌മെന്റ് ഗൗരവത്തോടെ പരിശോധിച്ച് വരികയാണ്. നിഷ ഉന്നയിച്ച പരാതികള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് ആ കലാകാരിക്ക് ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് ചാനല്‍ വ്യക്തമാക്കി. കൊച്ചിയില്‍ വരും ദിവസങ്ങളില്‍ നടക്കുന്ന ചിത്രീകരണത്തില്‍ നിഷയുടെ കഥാപാത്രം ഉണ്ടാകുമെന്നും ചാനല്‍ വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here