കവടിയാര്‍ രാജപാത: പണക്കൊഴുപ്പുമൂത്ത രക്ഷിതാക്കള്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ പാതിരാത്രിക്ക് അഴിച്ചുവിടുന്ന ‘കുഞ്ഞാടുകള്‍’ നിരങ്ങുന്ന പാത.

ആ രാജപാതയ്ക്കരികില്‍ ഒരു കൊച്ച് പോലീസ് സ്‌റ്റേഷനുണ്ട്. നിയമപാലകര്‍ കണ്ണടച്ച് നട്ടെല്ല് പണയംവച്ച് ജോലി നോക്കുന്ന മ്യൂസിയം പോലീസ് സ്‌റ്റേഷന്‍. പാതിരായ്ക്ക് ഈ കുഞ്ഞാടുകള്‍ ഉണ്ടാക്കുന്ന പൊല്ലാപ്പുകള്‍ കണ്ടില്ലെന്നു നടിച്ച് പല ഉന്നതരുടേയും ലീലാവിലാസങ്ങള്‍ക്ക് ചൂട്ടുപിടിച്ചും മാത്രമേ ഈ സ്‌റ്റേഷനിലെ പോലീസുകാര്‍ക്ക് ‘ജീവിതം’ മുന്നോട്ടുകൊണ്ടു പോകാനാകൂവെന്നതാണ് ചരിത്രം.

കഴിഞ്ഞ ദിവസം യുവ ഐ.എ.എസുകാരന്റെ കാര്‍ റേസിങ്ങിനിരയായി ഒരു യുവാവ് കൊല്ലപ്പെട്ടിട്ടും മ്യൂസിയം പോലീസ് ഉണരാതെ നിന്നതും ഇതേ ‘കാവല്‍പോലീസ്’ മനോഭാവംകൊണ്ടു തന്നെ.

കവടിയാറില്‍ അപകടം നടന്നൂവെന്നറിഞ്ഞാല്‍ സ്ഥലെത്തത്തുന്ന പോലീസ് ആദ്യം ചോദിക്കുന്ന ചോദ്യം ആ വിലാസം ഒന്നുപറയാമോ എന്നാതാണ്. വിലകൂടിയ കാറില്‍ അപടകമുണ്ടാക്കിയയാള്‍ ആരാണെന്നറിഞ്ഞു വേണം തുടര്‍ നടപടി സ്വീകരിക്കാനെന്നതിന്റെ ആദ്യപടിയായുള്ള ചോദ്യമാണത്.

ഒരു ജീവന്‍ റോഡില്‍ പിടഞ്ഞുതീരുമ്പോഴും ശ്രീറാമിനോടും ഇതേ ചോദ്യമാണ് പോലീസ് ചോദിച്ചത്. ഉത്തരം ‘ സിവില്‍ സര്‍വ്വീസ് കോളനി, കവടിയാര്‍’. ഇതുകേട്ടതോടെ പിന്നേടങ്ങോട്ട് ശ്രീറാമിന്റെ നിര്‍ദ്ദേശപ്രകാരം പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചു.

യൂബര്‍ ടാക്‌സി വിളിച്ച് കൂടെയുണ്ടായിരുന്ന പെണ്‍സുഹൃത്തിനെ വീട്ടിലേക്കയച്ചു. ലഹരി ഉപയോഗിച്ച് കുഴഞ്ഞുനിന്ന ശ്രീറാമിനെ ആശുപത്രിയിലേക്കെന്ന വ്യാജേന സ്ഥലത്തുനിന്നും മാറ്റി. ശരീരത്തില്‍ ലഹരിയുടെ അളവ് കുറയുന്നതുവരെ രക്തപരിശോധന നടത്താന്‍ തുനിയാതെ ‘പതിവ്’ ചട്ടം പാലിച്ച് മാതൃകാപുരുഷന്മാരായി.

കവടിയാര്‍ മേഖലയൊന്നാകാതെ കൈവശപ്പെടുത്തിയ പണച്ചാക്കുകള്‍ മ്യൂസിയം സ്‌റ്റേഷന്‍ ഭരിക്കുന്ന കാഴ്ച തലസ്ഥാന നഗരിക്ക് നാണക്കേടാണെങ്കിലും ഉദ്യോഗസ്ഥലോബിയും ചില രാഷ്ട്രീയ നേതൃത്വവുമാണ് ഈ പതിവ് കാത്തുസൂക്ഷിക്കാന്‍ അഹോരാത്രം യത്‌നിക്കുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here