തിരുവനന്തപുരം: പെര്‍മിറ്റില്ലാത്ത കോണ്‍ട്രാക്ട് ക്യാരേജ് പെര്‍മിറ്റുള്ള ബസുകള്‍ പ്രത്യേകം ടിക്കറ്റ് നല്കി യാത്രക്കാരെ കൊണ്ടുപോകുന്നത് തടയാന്‍ മോട്ടോര്‍ വാഹന വകുപ്പിന് ഇനി സാധിക്കില്ല. ഓണ്‍ലൈനില്‍ ടിക്കറ്റ് വില്‍ക്കാനും യാത്രക്കാരെ കൊണ്ടുപോകാനും അനുമതി ലഭിച്ചതോടെ വന്‍കിട കമ്പനികള്‍ക്ക് പെര്‍മിറ്റില്ലാതെ തന്നെ ഏതു റൂട്ടിലും ബസോടിക്കാന്‍ അനുമതിയായി. ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകള്‍ക്ക് ഇറക്കിയ മാര്‍ഗ നിര്‍ദേശത്തിലാണ് ഇതിനും വ്യവസ്ഥയുള്ളത്. കേന്ദ്ര മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഓണ്‍ലൈന്‍ ടാക്സികളെ അടക്കം നിയന്ത്രിക്കാന്‍ പുതിയ ചട്ടങ്ങളുണ്ടാക്കാനുള്ള നടപടികള്‍ സംസ്ഥാനത്ത് തുടങ്ങി.
ഇതോടെ, നിലവിലെ അന്തര്‍സംസ്ഥാന ബസ് ഓപ്പറേറ്റര്‍മാര്‍ക്ക് അഗ്രഗേറ്റര്‍ ലൈസന്‍സ് എടുത്താല്‍ ഏതു റൂട്ടിലും ടിക്കറ്റ് നല്കി യാത്രക്കാരെ കൊണ്ടുപോകാന്‍ കഴിയും. പുതിയ മാര്‍ഗനിര്‍ദേശ പ്രകാരം ഇവര്‍ ഉപയോഗിക്കുന്ന ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനങ്ങളും മൊബൈല്‍ ആപ്പും നിയമവിധേയമാകും. നിവലിലെ പെര്‍മിറ്റ് സംവിധാനം അപ്രസക്തമാവുകയാണെങ്കില്, അതോടെ തകരുന്നത് കെ.എസ്.ആര്.ടി.സി. അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ സര്‍വീസ് കുത്തകയാണ്. കാരണം ഏതു റൂട്ടിലും ബസ ഓടിക്കുന്നതിനുള്ള അവകാശം അഗ്രഗേറ്റര്‍ ലൈസന്‍സ് സമ്പാദിക്കുന്നവര്‍ക്ക് കിട്ടും. അങ്ങനെ സംഭവിച്ചാല്‍, നിലവില്‍തന്നെ ശ്വാസം മുട്ടുന്ന കെ.എസ്.ആര്.ടി.സിയുടെ ഗതി എന്താകുമെന്നത് ആശങ്കകള്‍ സൃഷ്ടിക്കുന്നു.
അഞ്ചു വര്‍ഷത്തേക്ക് അഞ്ചു ലക്ഷം രൂപയാണ് അഗ്രഗേറ്റര്‍ ഫീസ്. 100 ബസുകളും 1000 മറ്റു വാഹനങ്ങളും ഉള്ള കമ്പനികള്‍ ഒരു ലക്ഷം രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി നല്‍കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യവസ്ഥയുണ്ട്. സഹകരണ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്കും ലൈസന്‍സിന് അര്‍ഹതയുണ്ടായിരിക്കും. സംസ്ഥാന സര്‍ക്കാരോ സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്ന ഏജന്‍സികളോ ആണ് ലൈസന്‍സ് നല്‍കേണ്ടത്.