തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ക്ഷേത്ര ട്രസ്റ്റാണ് ഇക്കാര്യം അറിയിച്ചത്. പുതിയ തീരുമാനം അനുസരിച്ച് ഭക്തർക്ക് ക്ഷേത്ര വളപ്പിൽ പൊങ്കാല ഇടാൻ അനുമതി ഉണ്ടായിരിക്കുന്നതല്ല.ആറ്റുകാൽ പൊങ്കാലയ്ക്ക് ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ മാത്രമായിരിക്കും പൊങ്കാലയിടുക. ഭക്തർ വീടുകളിൽ പൊങ്കാല ഇടണമെന്ന് ട്രസ്റ്റ് നിർദ്ദേശിച്ചു. അതേസമയം, പൊങ്കാല ദിവസം പ്രോട്ടോക്കോൾ അനുസരിച്ച് ക്ഷേത്രത്തിൽ ദർശനത്തിന് അനുമതി ഉണ്ട്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആറ്റുകാൽ പൊങ്കാല നടത്താൻ സർക്കാർ അനുമതി നൽകിയത് കഴിഞ്ഞ ദിവസം ആയിരുന്നു. ശബരിമല മാതൃകയിൽ ഓൺലൈൻ രജിസ്ട്രേഷനിലൂടെ ആയിരിക്കും ആറ്റുകാൽ ക്ഷേത്ര കോമ്പൗണ്ടിലേക്കുള്ള പ്രവേശനം. എന്നാൽ, ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് പൊതു നിരത്തുകളിലോ മറ്റ് പൊതു സ്ഥലങ്ങളിലോ പൊങ്കാലയിടാൻ അനുവദിക്കില്ല. അതേസമയം, ഗ്രീൻ പ്രോട്ടോക്കാളും കോവിഡ് നിയന്ത്രണങ്ങളും പാലിച്ചു കൊണ്ട് അന്നദാനം ഉണ്ടാകും.
കുത്തിയോട്ടം, വിളക്കുകെട്ട്, താലപ്പൊലി തുടങ്ങിയ ചടങ്ങുകൾ ഒഴിവാക്കും. ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ എത്രയും വേഗം പൂർത്തീകരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദ്ദേശം നൽകിയിരുന്നു.