ആ സഹോദരിക്കൊപ്പം, വികാരങ്ങള്‍ എന്തായാലും പരിശോധിക്കുമെന്നും മോഹന്‍ലാല്‍

0

തിരുവനന്തപുരം: ഒടുവില്‍ അമ്മ മൗനം വെടിഞ്ഞു. ദിലീപിനെ തിരികെയെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി പ്രസിഡന്റ് ലണ്ടനില്‍ പത്രക്കുറിപ്പ് ഇറക്കി. വിമര്‍ശനങ്ങളെ പൂര്‍ണ്ണമനസോടെ ഉള്‍ക്കൊള്ളുന്നുവെന്ന് മോഹന്‍ ലാല്‍ വ്യക്തമാക്കി. സംഘടനയില്‍ നിന്ന് പുറത്തുപോയ നടിമാരുടെ വികാരങ്ങള്‍ എന്തായാലും അതു പരിശോധിക്കാന്‍ പുതിയ നേതൃത്വം തയാറാണ്. വിയോജിപ്പുകള്‍ യോജിപ്പുകളാക്കി മാറ്റാമെന്നും മോഹന്‍ലാല്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

2018 ജൂണ്‍ ആറിനു ചേര്‍ന്ന അമ്മയുടെ പൊതുയോഗത്തില്‍ എതിര്‍ശബ്ദങ്ങളില്ലാതെ ഉയര്‍ന്നുവന്ന പൊതുവികാരമാണ് ദിലീപിനെതിരെ ഉണ്ടായ പുറത്താക്കല്‍ നടപടി മരവിപ്പിക്കുക എന്നത്. പൊതുയോഗത്തിന്റെ ഏകകണ്ഠമായ അഭിപ്രായത്തോടൊപ്പം നില്‍ക്കുക എന്ന പ്രാഥമികമായ ജനാധിപത്യ മര്യാദയാണ് അമ്മ നേതൃത്വം കൈക്കൊണ്ടത്. അതിനപ്പുറമുള്ള ഏന്തെങ്കിലും നിക്ഷിപ്ത താല്‍പര്യങ്ങളോ നിലപാടോ ഈ വിഷയത്തില്‍ അമ്മ നേതൃത്വത്തിനില്ല.

ഞങ്ങളുടെ ഒരു സഹപ്രവര്‍ത്തകയ്ക്ക് നേരെയുണ്ടായ കിരാതമായ ആക്രമണത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഞങ്ങള്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ തന്നെയാണ് ആ വേദന ആദ്യം ഏറ്റുവാങ്ങിയത്. അന്നു മുതല്‍ ഇന്നുവരെ ആ സഹോദരിക്കൊപ്പം തന്നെയാണു ഞങ്ങള്‍. കേവലം 485 അംഗങ്ങള്‍ മാത്രമുള്ള സംഘടനയാണ് അമ്മ. അതില്‍ പകുതിയിലേറെപ്പേരും സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്നവരാണ്.

സ്വന്തമായി വീടില്ലാത്തവര്‍, നിത്യചെലവുകള്‍ക്ക് വഴിയില്ലാത്തവര്‍, രോഗചികിത്സയ്ക്കു പണമില്ലാത്തവര്‍ അങ്ങനെ ഒട്ടേറെ അംഗങ്ങളുണ്ട് അമ്മയില്‍. അതിലേറെയും സ്ത്രീകള്‍. അങ്ങനെ ഉള്ള 137 മക്കള്‍ക്കാണ് ഈ സംഘടന മുടങ്ങാതെ മാസം തോറും കൈനീട്ടമെത്തിക്കുന്നത്. മറ്റു ധനസഹായങ്ങള്‍, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവ വേറെയും.

26-ലെ യോഗത്തില്‍ തന്നെയെടുത്ത മറ്റൊരു തീരുമാനം അകാലത്തി അന്തരിച്ച കൊല്ലം അജിത് എന്ന നടന്റെ നിരാലംബമായ കുടുംബത്തിനു സ്വന്തമായി ഒരു വീടു നിര്‍മ്മിച്ചു നല്‍കുക എന്നതായിരുന്നു. ഇതൊക്കെ എണ്ണിയെണ്ണി ബോധ്യപ്പെടുത്തി കൈയടി നേടാന്‍ ഒരിക്കലും അമ്മ ശ്രദ്ധിച്ചിട്ടില്ല. ഇപ്രകാരം പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയെ ഒറ്റയടിക്ക് മാഫിയ എന്നും സ്ത്രീവിരുദ്ധ സംഘമെന്നും മുദ്ര കുത്തുന്നത് മനുഷ്യത്വരഹിതമാണ്.

ദിലീപിന്റെ അംഗത്വം സംബന്ധിച്ചു പൊതുയോഗം കൈക്കൊണ്ട തീരുമാനം ഔദ്യോഗികമായി ആ നടനെ അറിയിക്കുകപോലും ചെയ്തിട്ടില്ല. അതിനു മുമ്പേ തന്നെ അമ്മയ്‌ക്കെതിരെ മാധ്യമങ്ങള്‍ അതൊരായുധമാക്കി പ്രയോഗിച്ചു തുടങ്ങി. സത്യമെന്തെന്ന് അറിയും മുമ്പ് നമ്മള്‍ ബഹുമാനിക്കുന്ന ഒട്ടേറെ വ്യക്തികള്‍ എതിര്‍പ്പുമായി രംഗത്തുവന്നു. ആ വിമര്‍ശനങ്ങളെ പൂര്‍ണ്ണമനസോടെ ഉള്‍ക്കൊള്ളുന്നു.

വാര്‍ഷിക ജനറല്‍ ബോഡിയില്‍ പങ്കെടുക്കാ്‌തെ ചിലര്‍ പിന്നീട് എതിര്‍ ശബ്ദമുയര്‍ത്തി സംഘടനയില്‍ നിന്ന് പുറത്തു പോകുന്നുവെന്ന് പ്രഖ്യാപിച്ചു. ആ തീരുമാനത്തിനു പുറകിലെ വികാരങ്ങള്‍ എന്തായാലും അതു പരിശോധിക്കാന്‍ പുതിയ നേതൃത്വം തയാറാണ്. തിരുത്തലുകള്‍ ആരുടെ പക്ഷത്തുനിന്നായാലും നടപ്പാക്കാം. വിയോജിപ്പുകള്‍ യോജിപ്പുകളാക്കി മാറ്റാം.

പുറത്ത് നിന്ന് അഴുക്കു വാരിയെറിയുന്നവര്‍ അതു ചെയ്യട്ടെ. ഈ സംഘടനയെ തകര്‍ക്കാം എന്ന ഗൂഡലക്ഷ്യത്തോടെ പെരുമാറുന്നവരെ തല്‍ക്കാലം നമ്മുക്ക് അവഗണിക്കാം. സംഘടനയിലെ അംഗങ്ങള്‍ ഒരുമയോടെ നില്‍ക്കേണ്ടത് നമ്മുടെ മാത്രം കാര്യമാണ്.

 

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here