പാർട്ടിയോട് നന്ദികേട് കാണിച്ച രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്ന് തൊഴിലാളികളോട് എം.എം. മണി എം.എൽ.എ.

മൂന്നാർ | മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ പാർട്ടിയോട് നന്ദികേട് കാണിച്ചുവെന്നും കൈകാര്യം ചെയ്യണമെന്നും പരസ്യമായി ആഹ്വാനം ചെയ്ത് എം.എം.മണി എം.എൽ.എ. ദേവികുളം എസ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) വാർഷിക സമ്മളനത്തിലാണ് മണിയുടെ വിവാദ പ്രസംഗം.

‘15 വർഷം എംഎൽഎ സ്ഥാനമടക്കം എല്ലാ സൗകര്യങ്ങളും അനുഭവിച്ചു. ഇതിനു ശേഷം വീണ്ടും എംഎൽഎ സ്ഥാനം ലഭിക്കാതെ വന്നതോടെ, പാർട്ടി സ്ഥാനാർഥി എ.രാജയെ തോൽപിക്കാൻ കളികൾ നടത്തി. ഒരു നന്ദിയുമില്ലാത്ത ജന്മമാണ്. പാർട്ടിവിരുദ്ധ നടപടികളുടെ ഭാഗമായി സസ്പെൻഡ് ചെയ്തു. എന്നിട്ടും ഒളിഞ്ഞിരുന്ന് പാർട്ടിക്കെതിരെ പണിയുകയാണ്. രാജേന്ദ്രനെ വെറുതേ വിടരുത്, തൊഴിലാളികൾ ഇയാളെ കൈകാര്യം ചെയ്യണം.’ മണി തുറന്നടിച്ചു.

തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ തോൽപിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ രാജേന്ദ്രനെ പാർട്ടി ഒരു വർഷത്തേക്കു സസ്പെന്റ് ചെയ്തത് കഴിഞ്ഞ ജനുവരിയിലാണ്. സസ്പെൻഷൻ അവസാനിക്കാനിരിക്കെയാണ് മണിയുടെ പുതിയ പരാമർശം.

സമനില തെറ്റിയ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതിനോടു പ്രതികരിക്കാനില്ലെന്നായിരുന്നു രാജേന്ദ്രന്റെ നിലപാട്. നേരിടണമെന്നും കൈകാര്യം ചെയ്യണമെന്നും തൊഴിലാളികളോടു പറഞ്ഞാൽ അവർക്ക് തന്നെ അറിയാം. തോട്ടം മേഖലയിൽ ജനിച്ചുവളർന്ന എന്നെ കൈകാര്യം ചെയ്യാൻ ആരെങ്കിലും ശ്രമിച്ചാൽ അതു നേരിടും. ആരുടെയും ഭീഷണിക്കു വഴങ്ങി നാടു വിടില്ല. ഭീഷണി സംബന്ധിച്ച് പോലീസിൻ പരാതിപ്പെടില്ലെന്നും രാജേന്ദ്രൻ വ്യക്തമാക്കി.

MM Mani against S Rajendran

LEAVE A REPLY

Please enter your comment!
Please enter your name here