തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇതര സംസ്ഥാന തൊഴിലാളിയെ ഓട്ടോ ഡ്രൈവര്‍ മര്‍ദ്ദിച്ചു. ജോലി കഴിഞ്ഞ് മുക്കോലയിലെ മൊബൈല്‍ കടയില്‍ നിന്നു റീചാര്‍ജ് ചെയ്യാന്‍ വന്ന ജാര്‍ഖണ്ഡ് സ്വദേശി ഗൗതം മണ്ഡലിനെ ഓട്ടോ ഡ്രൈവര്‍ സുരേഷ് മര്‍ദ്ദിക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്.
കടല സുരേഷ് എന്നറിയപ്പെടുന്ന ഓട്ടോ ഡ്രൈവര്‍ സുരേഷിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. സുരേഷ് ഓട്ടോറിക്ഷ പുറകിലോട്ടെടുത്തപ്പോള് കടയിലേക്കു കയറുകയായിരുന്ന ഗൗതമിന്റെ ദേഹത്തുതട്ടി. ഗൗതം ഇതു ചോദ്യം ചെയ്തതോടെയാണ് കൈയ്യാങ്കളിയായത്. മര്‍ദ്ദിച്ചശേഷം ഗൗതമിന്റെ ആധാര്‍ കാര്‍ഡ് പിടിച്ചുവാങ്ങിയ സുരേഷ് പോലീസ് സ്റ്റേഷനില്‍ വന്നു വാങ്ങാന്‍ ആക്രോശിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്യുന്നതും പുറത്തുവന്ന വീഡിയോയിലുണ്ട്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സുരേഷെന്ന് പോലീസ് വ്യക്മാക്കി.