കണ്ണൂര്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കുഴഞ്ഞു വീണ വനിതാ കമ്മീഷന് മുന്‍ അധ്യക്ഷ എം.സി ജോസഫൈന് (73) അന്തരിച്ചു. കണ്ണൂര്‍ എകെജി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു.
സിപിഎം കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാന സമിതി അംഗവുമായ ജോസഫൈന് വനിതാ വികസന കോര്പറേഷന് ചെയര്‍പേഴ്സണും അങ്കമാലി നഗരസഭാ കൗണ്‍സിലറുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജനാധിപത്യ മഹിളാ അസോസിയേഷന് അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, ജിസിഡിഎ ചെയര്‍പേഴ്സണ്‍ ചുമതലകളും നിര്‍വഹിച്ചിട്ടുണ്ട്. വൈപ്പിന്‍ മുരുക്കിന്‍പാടം സ്വദേശിനിയാണ്.
ട്രേഡ് യൂണിയന് നേതാവും അങ്കമാലി നഗരസഭാ മുന്‍ കൗണ്‍സലറുമായിരുന്ന പരേതനായ പി.എ മത്തായി ആണ് ഭര്‍ത്താവ്. മകന് മനു. മരുമകള്‍ ജ്യോത്സ്ന. മാനവ് വ്യാസും കണ്ണകിയുമാണ് കൊച്ചുമക്കള്‍.
ഭൗതിക ശരീരം ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് എറണാകുളത്തേക്ക് കൊണ്ടുപോവും. മൃതദേഹം വിദ്യാര്‍ത്ഥികളുടെ പഠന ആവശ്യത്തിനായി മെഡിക്കല്‍ കോളജിനു കൈമാറും. മരണത്തില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് അനുശോചിച്ചു.