തൊടുപുഴ | ഇടുക്കി മൂലറ്റത്ത് യുവാവ് നടത്തിയ വെടിവയ്പ്പില്‍ ഒരു മരണം. മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്.
സ്വകാര്യ ബസ് കണ്ടക്ടര്‍ കീരിത്തോട് സ്വദേശി സനല്‍ സാബുവാണ് (34) മരിച്ചത്. സുഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപിനെയും മറ്റു രണ്ടുപേരെയുമാണ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. വെടിയുതിര്‍ത്ത മൂലമറ്റം സ്വദേശി മാവേലി പുത്തന്‍പുരയ്ക്കല്‍ ഫിലിപ്പ് മാര്‍ട്ടിനെ (കുട്ടു-26) പോലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാത്രി പത്തോടെ മൂലമറ്റം ഹൈസ്കൂളിന് മുന്നിലാണ് സംഭവം. അശോകക്കവലയില്‍ പുതുതായി തുറന്ന തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയ ഫിലിപ്പ് ഭക്ഷണം കിട്ടാത്തതിനെ തുടര്‍ന്ന് ചില തര്ക്കളുണ്ടാക്കി. ഇരുചക്രവാഹനത്തില്‍ മടങ്ങിപ്പോയ ഇയാള്‍ ഒരു തോക്കുമായി വന്ന് ആളുകളെ ഭീഷണിപ്പെടുത്തി. സ്ഥലത്തുണ്ടായിരുന്ന ചില നാട്ടുകാര്‍ അടക്കം ഇടപെട്ടതോടെ ക്ഷുഭിതനായ ഇയാള്‍ ആകാശത്തേക്കു വെടിവയ്ക്കുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
അവിടെ നിന്നു മടങ്ങിയ ഫിലിപ്പ് മൂലമറ്റം വീനസ് സര്‍വീസ് സെന്ററിനടുത്ത് എത്തിയപ്പോഴാണ് വീണ്ടും സംഘര്‍ഷമുണ്ടായത്. ലക്ഷ്യമില്ലാതെ വെടിവയക്കുന്നതിനിടെയാണ് ബൈക്കിലെത്തിയവര്‍ക്ക് വെടിയേറ്റത്. കൊല്ലപ്പെട്ട സനലും പ്രദീപും സമീപമുള്ള ഒരു വീട്ടില്‍വന്നു മടങ്ങുകയായിരുന്നു. സനല്‍ സ്ഥലത്തുവച്ചുതന്നെ മരണപ്പെടുകയായിരുന്നു. പ്രദീപിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഫിലിപ്പിന്റെ വെടിവയ്പ്പില്‍ ഒരു ഓട്ടോറിക്ഷ അടക്കം തകര്‍ന്നിട്ടുണ്ട്.
ഫിലിപ്പിന്റെ വാഹനം നാട്ടുകാര്‍ തല്ലി തകര്‍ത്തു. അതില്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ മുട്ടത്തുവച്ച് പോലീസ് ഇയാളെ പിടികൂടി. മോഷ്ടിച്ച തോക്ക് ഉപയോഗിച്ചാണ് വെടിവച്ചതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.