കാണം വിറ്റും ഓണമുണ്ണണമെന്നാണ് പ്രമാണം. പ്രജകളെ കാണാന്‍ മഹാബലി എത്തുമ്പോള്‍ മനോദു:ഖം ഉളവാക്കുന്നതൊന്നും കാണരുതെന്ന് സങ്കല്‍പ്പം. ഈ അടിസ്ഥാന വികാരത്തില്‍ അത്തം പത്തിന് തിരുവോണമാഘോഷിച്ചിരുന്ന മലയാളിക്ക് ഇക്കുറി ദുരിതങ്ങളെ മാറ്റി നിര്‍ത്തി സന്തോഷത്തോടെയും സമൃദ്ധിയോടെയും വിളവെടുപ്പുകാലത്തെ ഓണം ആഘോഷിക്കാന്‍ കഴിഞ്ഞോ ?

ആഘോഷത്തിന്റെ മാറ്റുവച്ചു നോക്കിയാല്‍ മലയാള നാട്ടില്‍ ഓണംകേറാമൂലകള്‍ ഇക്കുറി നിരവിയാണ്. പ്രളയം വിതച്ച കെടുതികളില്‍ നിന്ന് ഇനിയും കരകയറാത്ത മേഖലകളില്‍ ഇക്കുറി ഓണം പേരിനുമാത്രമായിരുന്നു. ഉറ്റവരെ നഷ്ടപ്പെട്ടവരും ഇതുവരെയുള്ള സമ്പാദ്യങ്ങളെല്ലാം നഷ്ടപ്പെട്ടവരും ആഘോഷങ്ങളില്ലാതെ, ഉള്ളില്‍ കരഞ്ഞുകൊണ്ട് മഹാബലിയെ കാണിക്കാന്‍ ചിരിച്ചു. ഒരു വര്‍ഷം മുന്നത്തെ പ്രളയത്തില്‍ എല്ലാ നഷ്ടപ്പെട്ടവരും മുന്നോട്ടുള്ള പ്രയാണത്തിനായി പൊരുതുകയാണ്. ഉള്ളതുകൊണ്ട് ഓണംപോലെയെന്ന് ആശ്വസിക്കുകയാണവര്‍.

ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളില്‍ തന്നെ കഞ്ഞിയെന്ന അവസ്ഥയില്‍ തുടരുന്നവരുടെ പ്രതിഷേധങ്ങളുടെ ദിനം കൂടിയായിരുന്നു ഇക്കുറി തിരുവേണം. തീരദേശ പരിപാലന നിയമത്തെ നോക്കുകുത്തിയാക്കി ചിലര്‍ കെട്ടിപൊക്കിയ ഫഌറ്റുകള്‍ വാങ്ങിയതിന്റെ പേരില്‍ മരടില്‍ നെട്ടോട്ടമോടുന്ന നാനൂറോളം കുടുംബങ്ങള്‍ നിരാഹാരം അനുഷ്ടിച്ചത് മരട് മുന്‍സിപ്പാലിറ്റിക്കു മുന്നിലാണ്. പത്തു വര്‍ഷമായി താമസിക്കുന്ന വീടുകള്‍ക്ക് പത്തു ദിവസത്തിനുള്ളില്‍ എന്തു സംഭവിക്കുമെന്ന ആശങ്കയാണ് മരടില്‍ തളം കെട്ടി നില്‍ക്കുന്നത്. ഇവര്‍ക്ക് പിന്തുണയുമായി ഹൈബി ഈഡന്‍ അടക്കമുള്ള നിരവധി പേര്‍ അവിടെയെത്തി.

മറ്റൊരപൂര്‍വ്വ സമരത്തിന് സാക്ഷിയായത് പി.എസ്.സി ഓഫീസ് കവാടമാണ്. മലയാളത്തില്‍ പരീക്ഷ നടത്താത്തതിലുള്ള പ്രതിഷേധവുമായി നടന്നുവരുന്ന സമരത്തില്‍ അടുര്‍ ഗോപാലകൃഷ്ണന്‍, ഉമ്മന്‍ ചാണ്ടി, സുഗതകുമാരി അടക്കമുള്ള പ്രമുഖര്‍ കൂടി അണിചേര്‍ന്നു. പെറ്റമ്മയെ അറിയാത്ത പി.എസ്.സിയെ വേണ്ടെന്ന് സുഗതകുമാരിയും പി.എസ്.സി പൂട്ടണമെന്ന് അടൂരും തുറന്നടിച്ചു.

സമരം ചെയ്യുന്നവര്‍ക്ക് ഇക്കുറി ഓണം വേണ്ടെന്ന് കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ സ്ഥാപനങ്ങളിലൊന്നായ മുത്തൂറ്റ് മുതലാളി തീരുമാനിച്ചു. സമരത്തിലുള്ളവരുടെ ബോണസ് അടക്കമുള്ളവ നല്‍കിയിട്ടില്ല. 43 ബ്രാഞ്ചുകള്‍ പൂട്ടാനുള്ള തീരുമാനവുമായി മുന്നോട്ടു നീങ്ങുകയുമാണ്. സി.ഐ.ടി.യു. സമരം അടുത്ത ചര്‍ച്ചയിലെങ്കിലും പരിഹരിക്കപ്പെടുമോയെന്നാണ് ജീവനക്കാര്‍ ഉറ്റുനോക്കുന്നത്.

ക്യാന്‍സര്‍ ഇല്ലാതിരുന്നിട്ടും കീമോ ചെയ്യേണ്ടിവന്ന മവേലിക്കര സ്വദേശി രജനി മുതല്‍ നിരവധി പേര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി തിരുവേണ ദിനത്തില്‍ സദ്യ ഉപേക്ഷിച്ചു. ഇവരോടൊക്കെ, ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടമെന്ന് പറയുന്നവരുണ്ടാകും. അപ്പോഴും സ്വന്തമല്ലാത്ത കാരണങ്ങളാല്‍ ദുരന്തമനുഭവിക്കേണ്ടി വന്നതിന്റെ കാരണത്താല്‍ തിരുവേണസദ്യ ഉപേക്ഷിച്ചവരുടെ എണ്ണം വലിയതോതില്‍ കൂടിയിട്ടുണ്ടെന്നത് വസ്തുത.

LEAVE A REPLY

Please enter your comment!
Please enter your name here