തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന 32 വാര്‍ഡുകളില്‍ 16 ഇടത്ത് എല്‍ഡിഎഫും 14 ഇടത്ത് യുഡിഎഫും വിജയിച്ചു. ഇടുക്കി ഇടമലക്കുടി പഞ്ചായത്തിലെ ഒരു വാര്‍ഡ് സിപിഎമ്മില്‍ നിന്ന് ബിജെപി പിടിച്ചെടുത്തപ്പോള്‍ പാലക്കാട് എരുമയൂരില്‍ സിപിഎം വിമതന്‍ അട്ടിമറി വിജയം നേടി.

ഉപതിരഞ്ഞെടുപ്പ് നടന്ന പാലക്കാട് -ശ്രീകൃഷ്ണപുരം, ആലപ്പുഴ -അരൂര്‍, കോഴിക്കോട് -നന്മണ്ട ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും എല്‍ഡിഎഫ് നിലനിര്‍ത്തി. കൊച്ചി കോര്‍പറേഷനിലെ ഗാന്ധിനഗര്‍ വാര്‍ഡ് സിപിഎമ്മിലെ ബിന്ദു ശിവനിലുടെ എല്‍.ഡി.എഫ് നിലനിര്‍ത്തി. ഇരിങ്ങാലക്കുട നഗരസഭാ ഭരണം യുഡിഎഫും പിറവം മുനിസിപ്പാലിറ്റി ഭരണം എല്‍ഡിഎഫും നിലനിര്‍ത്തി.

ഇടമലക്കുടി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലാണ് ബിജെപി വിജയിച്ചത്. സിപിഎം സ്ഥാനാര്‍ഥിയെ കേവലം ഒറ്റ വോട്ടിനാണ് ബിജെപി സ്ഥാനാര്‍ഥി ചിന്താമണി തോല്‍പിച്ചത്. തിരുവനന്തപുരം കോര്‍പറേഷനിലെ വെട്ടുകട് വാര്‍ഡില്‍ 1490 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിപിഎമ്മിലെ ക്ലൈനസ് റൊസാരിയ വിജയിച്ചു. കളരിപ്പടി വാര്‍ഡില്‍ 338 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് വിജയിച്ചതോടെ കോട്ടയം കാണക്കാരി പഞ്ചായത്ത് ഭരണം എല്‍ഡിഎഫിനു ലഭിച്ചു. മാഞ്ഞൂര്‍ പഞ്ചായത്തിലെ 12 ാം വാര്‍ഡായ മാഞ്ഞൂര്‍ സെന്‍ട്രലില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ സുനു ജോര്‍ഡ് 252 വോട്ടിന് വിജയിച്ചു. സീറ്റ് യുഡിഎഫ് നിലനിര്‍ത്തുകയായിരുന്നു. കാഞ്ഞങ്ങാട് നഗരസഭയിലെ ഒഴിഞ്ഞവളപ്പ് വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.കെ ബാബു എല്‍ഡിഎഫിലെ കെ.വി സുഹാസിനെ 116 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി. പൂക്കോട്ടൂര്‍ പഞ്ചായത്തിലെ ചീനിക്കല്‍ ഡിവിഷനില്‍ യുഡിഎഫ് വിജയിച്ചു. മുസ്ലിം ലീഗിലെ അബ്ദുള്‍സത്താര്‍ 710 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here