കൊച്ചി: ലൈഫ് മിഷൻ ക്രമക്കേടിൽ പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് സിബിഐ. അന്വേഷണത്തിന് ഏർപ്പെടുത്തിയ സ്റ്റേ മാറ്റണമെന്നാവശ്യപ്പെട്ട് സിബിഐ കേരള ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം പ്രാഥമിക ഘട്ടത്തിൽ മാത്രമാണെന്നും ഉന്ന സർക്കാർ ഉദ്യോഗസ്ഥർ അടക്കം ഗൂഡാലോചനയിൽ പങ്കാളികളാണെന്നും സിബിഐ പറയുന്നു.

വടക്കാഞ്ചേരി ലൈഫ് പദ്ധതിയിലെ സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചത്. ലൈഫ് മിഷനെ FCRA നിയമത്തിന്‍റെ പരിധിയിൽ കൊണ്ടുവരാൻ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കഴിയില്ലെന്ന് വ്യക്തമാക്കിയായിരുന്നു നടപടി. യൂണിടാക്കിനെതിരായ അന്വേഷണം തുടരാമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ സർക്കാരിനെതിരായ അന്വേഷണം സ്റ്റേ ചെയ്തത് മൂലം കേസുമായി ബന്ധപ്പെട്ട പല സുപ്രധാന ഫയലുകളും ലഭിക്കുന്നില്ലെന്നാണ് സിബിഐയുടെ വാദം. ഇടപാടുമായി ബന്ധപ്പെട്ട് പല സർക്കാർ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സ്റ്റേ നിലനിൽക്കുന്നതിനാൽ ഇതും സാധ്യമാകുന്നില്ലെന്ന് സിബിഐ പറയുന്നു.

ലൈഫ് മിഷൻ ഉദ്യോഗസ്ഥർ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പണം വാങ്ങിയോ എന്ന് പരിശോധിച്ചുവരികയാണെന്നും സിബിഐ കോടതിയെ അറിയിച്ചു. കേസിലെ വിജിലൻസ് അന്വേഷണത്തിന്‍റെ ഫയൽ വിളിച്ചുവരുത്തണമെന്ന് സിബിഐ ആവശ്യപ്പെട്ടപ്പോൾ സർക്കാർ ഇതിനെ ശക്തമായി എതിർത്തു. നിലവിൽ ഈ ഫയൽ വിളിച്ച് വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് കോടതിയും വ്യക്തമാക്കി.

സന്തോഷ് ഈപ്പൻ കൈക്കൂലി നൽകിയെങ്കിൽത്തന്നെ അത് വിദേശവിനിമയനിയന്ത്രണച്ചട്ടത്തിന്‍റെ (എഫ്സിആർഎ) പരിധിയിൽ വരുമോ എന്ന് കോടതി സിബിഐയോട് ചോദിച്ചു. അത് അന്വേഷിക്കേണ്ടത് വിജിലൻസല്ലേ എന്നും കോടതി ആരാഞ്ഞു. ഇതിൽ വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും, ലൈഫ് മിഷൻ സിഇഒ യു വി ജോസ് അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും സിബിഐ കോടതിയിൽ മറുപടി നൽകി

LEAVE A REPLY

Please enter your comment!
Please enter your name here