മൂലയ്ക്കിരുത്താൻ നോക്കി, “അസാധാരണ” ചുവടുകൾ വച്ച് ഗവർണർ… മന്ത്രിയെ പുറത്താക്കാനാകുമോ എന്നതിൽ രണ്ട് അഭിപ്രായം

തിരുവനന്തപുരം | സർക്കാർ ഗവർണർ പോര് രാജ്യത്ത് ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. അതിന്റെ ഭാഗമായി ഇരുകൂട്ടരും കൈക്കൊള്ളുന്ന നടപടികളും ആഴ്ചകൾ നീണ്ടു നിൽക്കുന്ന ചർച്ചയ്ക്ക് വഴിവച്ചിട്ടുമുണ്ട്. എന്നാൽ ഗവർണറെ മൂലയ്ക്കിരുത്താൻ നോക്കിയതോടെ സമാനതകളില്ലാത്ത പോർമുഖമാണ് കേരളത്തിൽ തുറക്കപ്പെട്ടിരിക്കുന്നത്.

ഭരണഘടനയും അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള നിയമങ്ങളെയും വേണ്ടപോലെ എടുത്തു പ്രയോഗിക്കാൻ അറിയാവുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഭാഗത്തു നിന്നുണ്ടാകുന്നത് അസാധാരണ നടപടികളാണ്. കേരള സർവകലാശാലയുടെ സെനറ്റിലേക്ക് സർക്കാരുമായി കൂടിയാലോചിച്ച് നിയമിച്ചിരുന്ന 15 അംഗങ്ങളെയാണ് യോഗത്തിന് എത്താതിരുന്നതിന് പുറത്താക്കിയത്. ഇതിനെതിരെ നിയമപരമായി പ്രതികരിക്കാനുള്ള അവസരം പോലും സർക്കാരിനോ സർവകലാശാലയ്ക്കോ ലഭിച്ചില്ല. പ്രശ്നം പരിഹരിക്കപ്പെടാതെ തുടരുന്നതിനിടെ, കേരളയ്ക്ക് താൽക്കാലിക വി.സിയെ സ്വന്തം നിലയ്ക്ക് നിയമിക്കാനും ചാൻസലർ നടപടി തുടങ്ങി. കുറച്ചു കാലം കേരളയ്ക്ക് താൽക്കാലിക വിസി ഭരണമായിരിക്കുമെന്ന് ഇതോടെ ഉറപ്പായി. സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് യോഗം ചേർന്ന് പ്രതിനിധിയെ നൽകാനുള്ള നിർദേശം തള്ളിയതിന്റെ പരിണിതഫലമാണ് ഇതൊക്കെ.

പിന്നാലെയാണ് ഗവർണർ മന്ത്രിമാരെ ‘നല്ല പാഠം’ പഠിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നത്. മന്ത്രിമാരെ സ്വന്തം ഇഷ്ടപ്രകാരം നീക്കുകയെന്ന നടപടിയിലേക്ക് ഇതിനു മുമ്പ് ഒരു ഗവർണറും കടന്നിട്ടില്ല. ഭരണഘടനാപരമായി ഗവർണർക്ക് ഇതിനുള്ള അധികാരമുണ്ടോയെന്ന കാര്യത്തിൽ നിയമ വിദഗ്ധർക്കിടയിൽ രണ്ട് അഭിപ്രായം ഉടലെടുത്തിട്ടുണ്ട്.

ഭരണഘടന ആർട്ടിക്കിൾ 164(1) പ്രകാരം മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണറുടെ ഇഷ്ടസമയത്ത് അധികാരം വഹിക്കും. എന്നാൽ അവർ ഗവർണറുടെ ദയാലുവല്ല, കാരണം ആർട്ടിക്കിൾ 164 ലെ ക്ലോസ് (1) അതേ ആർട്ടിക്കിളിന്റെ ക്ലോസ് (2) നൊപ്പം വായിക്കണം. മന്ത്രിമാരുടെ കൗൺസിലിന് സംസ്ഥാന നിയമസഭയോട് കൂട്ടുത്തരവാദിത്തമുണ്ടെന്ന് അതിൽ പറയുന്നു. ഇതിനർത്ഥം, മന്ത്രിസഭയ്ക്ക് നിയമനിർമ്മാണ സഭയുടെ വിശ്വാസം ആസ്വദിക്കുന്നിടത്തോളം കാലം അധികാരം നിലനിർത്താം. എന്നിരുന്നാലും, ഈ വാചകം അത്ര ലളിതമല്ല, മാത്രമല്ല സങ്കീർണ്ണമായ നിരവധി പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാവുന്ന ഒന്നാണ്.

“ഗവർണറുടെ പ്രീതി സമയത്ത്” എന്ന വാക്കുകൾ യഥാർത്ഥത്തിൽ നിയമനിർമ്മാണ സഭയുടെ സന്തോഷത്തെയാണ് അർത്ഥമാക്കുന്നതെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഒരു മന്ത്രിയിൽ പ്രീതി നഷ്ട്ടപ്പെട്ടാൽ ഗവർണർക്ക് സ്വയം പുറത്താക്കാമെന്നു ഒരു കൂട്ടരും അതിനു സാധിക്കില്ല, മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം ഗവർണർക്ക് പുറത്താക്കാമെന്ന് മറ്റൊരു കൂട്ടരും നിർവച്ചിക്കുന്നു.

വിദഗ്ധരുടെ നിർവചനങ്ങളും അഭിപ്രായ പ്രകടനങ്ങളും ഒരു വശത്ത് പുരോഗമിക്കുമ്പോഴും വിസ്മരിക്കാനാകാത്ത വസ്തുത ചിലതുണ്ട്. മുഖ്യമന്ത്രിയെയോ മന്ത്രിയെയോ മുഴുവൻ മന്ത്രിസഭയെയും പിരിച്ചുവിടുന്ന എല്ലാ കേസുകളിലും ഗവർണറുടെ തീരുമാനം അന്തിമമാണ്, അത് ഒരു കോടതിയിലും ചോദ്യം ചെയ്യാൻ കഴിയില്ല.


LEAVE A REPLY

Please enter your comment!
Please enter your name here