ഗവർണറെ നേരെയാക്കാൻ ഇടതു മുന്നണി, 15 നു രാജ്ഭവനു മുന്നിൽ ധർണ്ണ

തിരുവനന്തപുരം | ഗവർണർക്കെതിരെ പ്രത്യക്ഷ സമരത്തിനിറങ്ങി ഇടതുമുന്നണി. നവംബര്‍ 15ന് രാജ്ഭവനു മുന്നിൽ ധര്‍ണ നടത്താൻ മുന്നണി യോഗം തീരുമാനിച്ചു. ധര്‍ണയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള ഉന്നതനേതാക്കൾ പങ്കെടുക്കും. ഇതിനു മുന്നോടിയായി ജില്ലാതലങ്ങളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. നവംബര്‍ രണ്ടിന് വിദ്യാഭ്യാസ വിദഗ്ധരെ ഉള്‍പ്പെടുത്തി സംസ്ഥാനതല കണ്‍വന്‍ഷന്‍ നടത്തും. 12ന് മുൻപു കോളജുകളിലും സർവകലാശാല കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രഖ്യാപിച്ചു.

ഗവര്‍ണർ നടത്തുന്നത് അധികാര ദുര്‍വിനിയോഗമാണ്. വഴിവിട്ട നീക്കങ്ങള്‍ സംഘപരിവാര്‍ അജന്‍ഡയാണ്. സര്‍വകലാശാലകളുടെ സ്വയംഭരണാധികാരം തകര്‍ക്കാനാണ് ശ്രമം. സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് നിയമവിരുദ്ധമായ അധികാര ദുര്‍വിനിയോഗം നടത്തി. ആർഎസ്എസ് അനുഭാവികളെ തിരുകിക്കയറ്റാനാണ് ശ്രമം. ഇതിനെതിരെ ജനങ്ങള്‍ രംഗത്തിറങ്ങണമെന്ന് എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.

ആർഎസ്‌എസ്‌ അനുഭാവിയെന്ന്‌ പ്രഖ്യാപിച്ചുകൊണ്ടാണ്‌ ഗവർണർ മുന്നോട്ടുപോകുന്നത്‌. സർവകലാശാല വിഷയത്തിൽ ഗവർണറുടേത് സ്വേച്ഛാധിപത്യ ഇടപെടലാണ്. ഉന്നത വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലൊതുക്കാനാണ് ഗവർണറുടെ ശ്രമം. ഇതിനെതിരെ ജനകീയ പ്രതിരോധം തീർക്കുകയാണ് ലക്ഷ്യം. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ഇത്തരം നീക്കങ്ങളെ എൽഡിഎഫ്‌ ചെറുക്കും.

ഗവര്‍ണര്‍ കോടതിയാകേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഗവര്‍ണര്‍ ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നു. മന്ത്രിമാരെ പിന്‍വലിക്കുമെന്ന് പറയുന്നത് വമ്പത്തരം മാത്രമാണ്. ചാന്‍സലര്‍ പദവില്‍നിന്നു ഗവര്‍ണറെ നീക്കുന്നത് എൽഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും കാനം വ്യക്തമാക്കി.

LDF plans Public Protest Against Kerala Governor

LEAVE A REPLY

Please enter your comment!
Please enter your name here