തിരുവനന്തപുരം: പ്രഖ്യാപിച്ച പുന:സംഘടന അടുത്തടുത്തു വന്നതോടെ, കോണ്‍ഗ്രസില്‍ ഗ്രൂപ്പിനെ തള്ളിപ്പറഞ്ഞവരും തള്ളിപ്പറയാത്തവരും യോഗം ചേരല്‍ തുടങ്ങി. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് തുടങ്ങിയ പ്രമുഖരെല്ലാം ചരടുവലി തുടങ്ങിയതോടെ അച്ചടക്കത്തിന്റെ വാളോങ്ങി പ്രസിഡന്റ് കെ. സുധാകരന് നേരിട്ടിറങ്ങിയിരിക്കയാണ്. ഗ്രൂപ്പ് യോഗങ്ങള്ക്കെതിരായ പരാതികള്‍ ഹൈക്കമാന്‍ഡിലേക്ക്.
പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ ഗ്രൂപ്പ് യോഗം നടക്കുന്നുവെന്നറിഞ്ഞ കെ.പി.സി.സി. അധ്യക്ഷന്‍ പരിശോധിച്ചു ഉറപ്പുവരുത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. സുധാകരന് അയച്ച സംഘം എത്തുമ്പോള്‍ പത്തിലേറെ പ്രമുഖ നേതാക്കള്‍ വി.ഡിക്കൊപ്പമുണ്ടായിരുന്നു. സംഘടനാ ചുമതലയുള്ള കെ.പി.സിസി. ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്, കെ.പി.സി.സി. പ്രസിഡന്റിന്റെ സെക്രട്ടറി വി.പി. മോഹന്‍ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. നടന്നതു ഗ്രൂപ്പുയോഗമല്ലെന്നും വെറുതെയൊന്നു ഇരുന്നതാണെന്നുമായിരുന്നു ചിലരുടെ വിശദീകരണം. മറ്റു ചിലരാകട്ടെ, മുഖം നല്‍കാതെ മാറിക്കളഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
ഡി.സി.സി. പ്രസിഡന്റ് പാലോട് രവി, നെയ്യാറ്റിന്‍കര സനല്‍, വര്‍ക്കല കഹാര്‍, എം.എ. വാഹീദ്, വി.എസ്. ശിവകുമാര്‍, കെ.എസ്. ശബരീനാഥ് തുടങ്ങിയവരും കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി. ശ്രീകുമാര്‍, യൂജിന്‍ തോമസ് തുടങ്ങിയ നേതാക്കളും അവിടുണ്ടായിരുന്നു. അടുത്തിടെ കോഴിക്കോട്ടും കോട്ടയത്തും എ ഗ്രൂപ്പിന്റെ യോഗങ്ങള്‍ ചേര്‍ന്നിരുന്നു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കോട്ടയത്ത് എ ഗ്രൂപ്പ് നേതാക്കളും കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. എന്നാലിതു ഗ്രൂപ്പു യോഗമല്ലെന്നു നേതാക്കള്‍ വിശദീകരിച്ചിരുന്നു.
ഡി.സി.സി പുന:സംഘടന ചര്‍ച്ചകളുടെ അന്തിമഘട്ടത്തില്‍ നില്‍ക്കേ ഇത്തരം യോഗം ചേരുന്നത് അച്ചടക്കലംഘനവും ഗൂഢാലോചനയുമാണെന്ന നിലപാടിലാണ് കെ.പി.സി.സി. നേതൃത്വം. ആറു മാസം കൊണ്ടു പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ച പുന:സംഘടന വല്ലാതെ വൈകുന്നതിന്റെ നിരാശ കെ.പി.സി.സി. പ്രസിഡന്റിനുണ്ട്. ചില നേതാക്കള്‍ പുന:സംഘടന വച്ചുനീട്ടാന്‍ ചരടുവലിക്കുന്നത് എ.ഐ.സി.സി. പ്രഖ്യാപിച്ച തെരഞ്ഞെടുപ്പിനു മുമ്പ് ജില്ലകളില്‍ പുതിയ നേതൃത്വം വരുന്നതു തടയാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് അനുമാനം.