നിപ്പാ വൈറസ്: പരിചരിച്ച നഴ്‌സ് മരിച്ചു, മരണം 10

0

കോഴിക്കോട്: നിപ്പാ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി. പനി ബാധിച്ച് മരിച്ചവരെ പരിചരിച്ച നഴ്‌സ് ലിനിയാണ് ഒടുവില്‍ മരിച്ചത്.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്നു കോഴിക്കോട് ചെമ്പനോട സ്വദേശിനിയായ ലിനി. ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയില്ല. മൃതദേഹം ഇന്നു പുലര്‍ച്ചെ, ആശുപത്രി അധികൃതര്‍ നേരിട്ട് വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിച്ചു. വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി.

ചെങ്ങരോത്ത് വളച്ചുകെട്ടി വീട്ടില്‍ മുഹമ്മദ് സാലിഹ്, സഹോദരന്‍ മുഹമ്മദ് സാബിത്ത്, ബന്ധു മറിയം എന്നിവരുടെ മരണം നിപാ വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു. മുഹമ്മദ് സാലിഹിന്റേയും സാബിത്തിന്റേയും അച്ഛന്‍ മൂസയ്ക്കും ഇതേ വൈറസ് ബാധ സ്ഥിരികരിച്ചിട്ടുണ്ട്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹം ചികിത്സയിലാണ്. സമാനമായ രോഗ ലക്ഷണങ്ങളോടെയാണ് കോഴിക്കോട് സ്വദേശികളായ മൂന്ന് പേരും മലപ്പുറം സ്വദേശികളായ രണ്ട് പേരും മരിച്ചത്.

അതേസമയം നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ച കോഴിക്കോട് പേരാമ്പ്രയില്‍ ഇന്ന് കേന്ദ്ര സംഘം സന്ദര്‍ശനം നടത്തും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here