കാമുകന്‍ ഇബ്രാഹിം ബാദുഷായില്‍ നിന്ന് പണം തിരികെ വാങ്ങണം, നീതു മെഡിക്കല്‍ കോളജില്‍ എത്തിയത് അലസിപ്പോയ ഗര്‍ഭത്തിനു പകരം ശിശുവിനെ തേടി…തട്ടികൊണ്ടു പോകലിന്റെ ചുരുളഴിഞ്ഞു

കോട്ടയം: കാമുകന്‍ അകന്നുപോകാന്‍ തുടങ്ങി. ധരിച്ച ഗര്‍ഭം അലസിപ്പോയി. കാമുകനെ ബ്ലാക്‌മെയില്‍ ചെയ്തു കൊണ്ടുപോയ 30 ലക്ഷവും സ്വര്‍ണവും മടക്കി ലഭിക്കാന്‍ കളമശ്ശേരിയിലെ ഫ്‌ളാറ്റില്‍ വാടകയ്ക്കു താമസിക്കുന്ന തിരുവല്ല സ്വദേശിനിയും പ്രവാസിയുടെ ഭാര്യയുമവയ നീതുരാജ് (29) പദ്ധതി തയാറാക്കി.

വേഷം മാറി കോട്ടയം മെഡിക്കല്‍ കോളജിലെത്തി കുഞ്ഞിനെ കടത്തിയ നീതുരാജിന്റെ നടപടിക്കു പിന്നില്‍ വ്യക്തിപരമായ ലക്ഷ്യങ്ങളാണെന്നു പോലീസ് പറയുന്നു. കാമുകന്‍ വേറെ വിവാഹത്തിനു ശ്രമിച്ചതോടെയാണ് നീതു ബ്ലാക്‌മെയിലിംഗ് പദ്ധതി തയാറാക്കിയത്. കുഞ്ഞുമായി ഹോട്ടലില്‍ മടങ്ങിയെത്തിയ നീതു കൊച്ചി അമൃത ആശുപത്രിയിലേക്കു പോകാന്‍ റിസപ്ഷനില്‍ ടാക്‌സി ആവശ്യപ്പെട്ടു. അടുത്ത ടാക്‌സി സ്റ്റാന്‍ഡിലേക്കു വിളിച്ച ഹോട്ടല്‍ അധികൃതര്‍ വനജാത ശിശുവിനെ കാണാതായ വിവരം അറിഞ്ഞു. തുടര്‍ന്നാണ് പോലീസ് ഹോട്ടലിലേക്ക് എത്തി നീതുവിനെയും കുഞ്ഞിനെയും കസ്റ്റഡിയിലെടുത്തത്.

നീതുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാമുകനായ കാക്കനാട് സ്വദേശി ഇബ്രാഹിം ബാദുഷയെ എറണാകുളത്തു പോലീസ് കസ്റ്റഡിയിലെടുത്തു. നീതുവിനെ പല സമയത്തും സഹായിച്ചത് ഇയാളാണെന്നു പോലീസ് പറയുന്നു. ഇബ്രാഹിം ബാദുഷയുടെ ഇവന്റ് മാനേജുമെന്റ് കമ്പനിയില്‍ പ്ലാനറാണ് നീതു.

വണ്ടിപ്പെരിയാന്‍ സ്വദേശികളായ ശ്രീജിത്ത് അശ്വതി ദമ്പതികളുടെ പെണ്‍കുഞ്ഞിനെയാണ് മോഷ്ടിച്ചത്. വ്യാഴാള്ച ഉച്ചയ്ക്കു 2.45നാണ് എല്ലാവരെയും നടുക്കിയ സംഭവം. ഊണു വാങ്ങാന്‍ ശ്രീജിത്തു പോയ സമയത്താണ് നീതു നഴ്‌സിന്റെ വേഷത്തില്‍ അശ്വതിയെ സമീപിച്ചത്. കുഞ്ഞിനു മഞ്ഞ നിറമുണ്ട്. പരിശോധിക്കണമെന്നു പറഞ്ഞു വാങ്ങിക്കൊണ്ടു പോവുകയായിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും തിരികെ എത്തിക്കാതെ വന്നതോടെ മാതാപിതാക്കള്‍ നഴ്‌സിംഗ് റൂമിലെത്തി അന്വേഷിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here