കോഴിക്കോട്: കൂടത്തായിയില്‍ ആറു പേരും മരണത്തിനു മുമ്പ് ആട്ടിന്‍സൂപ്പ് കഴിച്ചിരുന്നു. സൂപ്പു കഴിച്ചശേഷം ഇവര്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ദുരൂഹതകള്‍ ഏറുന്നതിനിടെ മരണങ്ങള്‍ കൊലപാതകമാകാമെന്ന സൂചന നല്‍കി പോലീസ്.

ഭക്ഷണത്തിലൂടെ വിഷം അകത്തുചെന്നതാണോ മരണകാരണമെന്ന് സ്ഥിരീകരിക്കാനാണ് കല്ലറകള്‍ തുറന്നു പരിശോധിച്ചത്. മരണം നടന്ന ആറിടത്തും ഒരു വ്യക്തിയുടെ സാന്നിധ്യമുണ്ടായിരുന്നത് സംശയങ്ങള്‍ ബലപ്പെടുത്തിയിട്ടുണ്ട്. യുവതിയുടെയും പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെയും ശരീരത്തിന്റെ ദ്രവിച്ചു പോകാത്ത ഭാഗങ്ങളാണ് ആദ്യം ശേഖരിച്ചത്. പിന്നാലെ മറ്റു കല്ലറകളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചു.

കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നു റൂറല്‍ എസ്.പി കെ.ജി സൈമണ്‍ വ്യക്തമാക്കി. മരിക്കുന്നതിന് തൊട്ടുമുമ്പ് ആറ് പേരും ഒരേ തരം ഭക്ഷണമാണ് കഴിച്ചത്. തെളിവുകളില്‍ വ്യക്തത വരുത്തുന്നതിനാണ് കല്ലറ തുറന്നു പരിശോധിച്ചത്. എന്നാല്‍, അന്വേഷണം ആരേയും ലക്ഷ്യമിട്ടുള്ളതല്ലെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ തെളിവുകളും ശേഖരിച്ച് അന്വേഷണം പൂര്‍ത്തിയാക്കും.

2011 സെപ്തംബറില്‍ മരണപ്പെട്ട പൊന്നാമറ്റം റോയി തോമസിന്റെ സഹോദരനാണ് ഈ മരണങ്ങളുടെയൊക്കെ അസ്വാഭാവികത സംബന്ധിച്ച പരാതി ഉന്നയിച്ചത്. റോയി തോമസിന് പുറമെ പിതാവ് ടോം തോമസ്, മാതാവ് അന്നമ്മ, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടി, ഇവരുടെ ബന്ധുക്കളായ ഒരു യുവതിയും രണ്ട് വയസുള്ള കുഞ്ഞുമാണ് തുടര്‍ച്ചയായി മരണപ്പെട്ടത്. 2002 നും 2016 നും ഇടയില്‍ സംഭവിച്ച ആറ് മരണങ്ങളാണ് ഇപ്പോള്‍ അന്വേഷണ വിധേയമാകുന്നത്.

അദ്ധ്യാപികയായിരുന്ന അന്നമ്മ 2002 ഓഗസ്റ്റിലാണ് കുഴഞ്ഞുവീണ് മരിച്ചത്. 2008 ഓഗസ്റ്റില്‍ വിദ്യാഭ്യാസ വകുപ്പില്‍ ജൂനിയര്‍ സൂപ്രണ്ടായി വിരമിച്ച അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസും കുഴഞ്ഞുവീണ് മരണപ്പെട്ടു. 201 0 ലാണ് അന്നമ്മയുടെ സഹോദരന്‍ മാത്യുവിന്റെ മരണം. പിന്നാലെ റോയ് തോമസും പോയി. അടുത്ത ആറു വര്‍ഷത്തിനുള്ളിയില്‍ ഷാലുവിന്റെ ഭാര്യ സിലി, പത്തുമാസം പ്രായമുളള മകള്‍ എന്നിവരും മരിച്ചു.

റോയി തോമസിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തതില്‍ സയനൈഡ് ഉള്ളില്‍ ചെന്നത് കണ്ടെത്തിയിരുന്നു. എന്നാല്‍ കാര്യമായ അന്വേഷണം നടന്നില്ല. തുടന്നാര്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ഉണ്ടായത്. പിന്നീടുണ്ടായ അന്വേഷണമാണ് നേരത്തെ നടന്ന മരണങ്ങളുടെ സത്യാവസ്ഥ ചികയാന്‍ കാരണമായത്.

നാല് മൃതദേഹങ്ങള്‍ കൂടത്തായി ലൂര്‍ദ്ദ് മാതാ പള്ളി സെമിത്തേരിയിലും രണ്ടെണ്ണം കോടഞ്ചേരി പള്ളി സെമിത്തേരിയിലുമാണ് അടക്കം ചെയ്തിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here